ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി  | | ACTPnews

News18


Last Updated:

ടീമിന്റെ ഉടമസ്ഥതാ ഘടനയെയും സുനന്ദ പുഷ്കറിന്റെ പങ്കിനെയും കുറിച്ച് താൻ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ തനിക്ക് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്ന് ലളിത് മോദി വെളിപ്പെടുത്തി.

News18
News18

2010-ലെ കൊച്ചി ടസ്കേഴ്സ് കേരള ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ ആരോപണങ്ങളുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. ടീമിന്റെ ഉടമസ്ഥതാ ഘടനയെയും സുനന്ദ പുഷ്കറിന്റെ പങ്കിനെയും കുറിച്ച് താൻ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ തനിക്ക് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്ന് ലളിത് മോദി വെളിപ്പെടുത്തി.

സുനന്ദ പുഷ്കറിന് അർഹതയില്ലാത്ത ഓഹരി പങ്കാളിത്തം ഉണ്ടെന്ന കാരണത്താൽ കൊച്ചി കൺസോർഷ്യത്തിന്റെ ഐപിഎൽ പ്രവേശനത്തെ തടയാൻ താൻ ശ്രമിച്ചപ്പോൾ അന്നത്തെ യുപിഎ സർക്കാർ തനിക്കെതിരെ തിരിഞ്ഞു എന്നാണ് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ലളിത് മോദി ആരോപിക്കുന്നത്.

വിവാദ സമയത്ത് കോൺഗ്രസ് നേതാവ് ശശി തരൂരിനെ ആരാണ് പിന്തുണച്ചിരുന്നത് എന്ന ചോദ്യത്തിന് ‘സോണിയാ ഗാന്ധി’ എന്നായിരുന്നു ലളിത് മോദിയുടെ മറുപടി. എല്ലാ ഭാഗത്തുനിന്നും തനിക്കെതിരെ നീക്കങ്ങൾ നടന്നു എന്നും, ആ ദിവസങ്ങളിൽ അഹമ്മദ് പട്ടേൽ, പ്രണബ് മുഖർജി എന്നിവരിൽ നിന്നും തനിക്ക് ഫോൺ കോളുകൾ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അവരുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും, രാജീവ് ശുക്ല തന്റെ അടുത്ത് വന്ന് ഇത് ചെയ്യണം അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലളിത് മോദി പറയുന്നതനുസരിച്ച്, കൊച്ചി കൺസോർഷ്യം 350 മില്യൺ ഡോളറിന്റെ ലേലത്തുകയ്ക്കാണ് ഫ്രാഞ്ചൈസി അവകാശം നേടിയത്. എന്നാൽ കൺസോർഷ്യത്തിന്റെ സാമ്പത്തിക ഘടന ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു. ചില ഓഹരി ഉടമകൾ മുഴുവൻ തുകയും മുടക്കുമ്പോൾ, മറ്റൊരു ഓഹരി ഉടമ തത്തുല്യമായ നിക്ഷേപം നടത്താതെ തന്നെ ഓഹരികൾ കൈപ്പറ്റുന്ന അവസ്ഥയായിരുന്നു. സുനന്ദ പുഷ്കർ എന്ന സ്ത്രീ ഒഴികെ മറ്റെല്ലാ ഓഹരി ഉടമകളും അവിടെയുണ്ടായിരുന്നു എന്നാണ് കൺസോർഷ്യം അംഗങ്ങളുമായുള്ള ചർച്ചകൾ ഓർത്തെടുത്തുകൊണ്ട് ലളിത് മോദി പറഞ്ഞത്.

സുനന്ദ പുഷ്കർ എന്ന സ്ത്രീക്ക് നിങ്ങൾ 25 ശതമാനം ഓഹരികൾ സൗജന്യമായി നൽകുന്നുണ്ടല്ലോ, റവന്യൂവിന്റെ 15 ശതമാനം അവർക്ക് കൊടുക്കുന്നുണ്ടല്ലോ, ആരാണ് ഈ സ്ത്രീ എന്ന് താൻ ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി. 75 ശതമാനം ഓഹരി ഉടമകൾ 100 ശതമാനം തുകയും മുടക്കുമ്പോൾ, മറ്റൊരാൾക്ക് എങ്ങനെയാണ് 25 ശതമാനം ഓഹരികൾ സൗജന്യമായി ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ഫ്രാഞ്ചൈസി അനുവദിച്ച ദിവസം തന്നെ സുനന്ദ പുഷ്കറിന്റെ ഓഹരി മൂല്യം കുത്തനെ ഉയർന്നതായി ലളിത് മോദി ആരോപിച്ചു. അവരുടെ 10 രൂപയുടെ ഓഹരിക്ക് ടീം ലഭിച്ച ദിവസം ഒരു ലക്ഷം രൂപ വിലയുണ്ടായിരുന്നുവെന്നും എന്നാൽ മറ്റുള്ളവരുടെ 10 രൂപയുടെ ഓഹരിക്ക് ഒരു പൈസ പോലും വിലയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് തകരുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും രണ്ട് വർഷത്തിന് ശേഷം അത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ നടന്ന കൂടിക്കാഴ്ചയിൽ, എല്ലാ ഓഹരി ഉടമകളുടെയും വിവരങ്ങൾ വ്യക്തമാകാതെ ഫ്രാഞ്ചൈസി കരാറിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. സുനന്ദ പുഷ്കർ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, അവർ ഒരു ഓട്ടോമൊബൈൽ ഡീലറുടെ മകളാണെന്നും പ്രശസ്തയായ മാർക്കറ്റിംഗ് വിദഗ്ദ്ധയാണെന്നുമാണ് കൺസോർഷ്യം അംഗങ്ങളിൽ ഒരാൾ പറഞ്ഞതെന്നും മോദി പറഞ്ഞു.

ഇതിന് പിന്നാലെ അന്നത്തെ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂരിൽ നിന്ന് തനിക്ക് ഫോൺ കോൾ വന്നതായി ലളിത് മോദി ആരോപിച്ചു. സുനന്ദ പുഷ്കറെക്കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്നും അവർ തന്റെ നല്ലൊരു സുഹൃത്താണെന്നും തരൂർ പറഞ്ഞതായി മോദി അഭിമുഖത്തിൽ പറഞ്ഞു. കാരണം ചോദിച്ചപ്പോൾ, അന്വേഷണം തുടർന്നാൽ നാളെ രാവിലെ നിങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിക്കും എന്ന് തരൂർ ഭീഷണിപ്പെടുത്തി. നിങ്ങൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരിക്കാം, പക്ഷേ എന്നോട് ഇങ്ങനെ സംസാരിക്കാൻ ധൈര്യപ്പെടരുത് എന്ന് പറഞ്ഞ് താൻ ഫോൺ കട്ട് ചെയ്തതായും കരാറിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ആ സമയത്ത് കേരളത്തിൽ ആവശ്യത്തിന് സൗകര്യങ്ങളുള്ള സ്റ്റേഡിയം ഇല്ലാതിരുന്നിട്ടും കൊച്ചി ടീമിന്റെ ഐപിഎൽ പ്രവേശനത്തെ താൻ പിന്തുണച്ചിരുന്നുവെന്നും, അതിനായി തരൂർ തന്റെ വീട്ടിൽ വന്ന് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്നും ലളിത് മോദി അവകാശപ്പെട്ടു.

അന്ന് അർദ്ധരാത്രിയിൽ അന്നത്തെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹർ തന്നെ വിളിച്ച് ഫ്രാഞ്ചൈസി കരാറിൽ ഉടൻ ഒപ്പിടാൻ നിർദ്ദേശിച്ചതായും മോദി ആരോപിച്ചു. ഒപ്പിടുന്നത് അടുത്ത ദിവസം രാവിലെ വരെ നീട്ടിവെക്കാൻ താൻ ആഗ്രഹിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. സമ്മർദ്ദത്തിന് വഴങ്ങിയാണ് താൻ ഈ കരാറിൽ ഒപ്പിടുന്നതെന്നും പ്രസിഡന്റ് തന്നെ ഇതിനായി നിർബന്ധിക്കുകയാണെന്ന് രേഖകളിൽ കുറിക്കുമെന്നും താൻ ശശാങ്കിനോട് പറഞ്ഞതായും, അത് ആ രേഖയിൽ കുറിച്ചതായും ലളിത് മോദി വെളിപ്പെടുത്തി.

2014-ൽ മരണപ്പെടുന്നതിന് തൊട്ടുമുമ്പ് സുനന്ദ പുഷ്കറുമായി സോഷ്യൽ മീഡിയയിൽ നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് സംസാരിക്കവെ, അന്ന് രാവിലെ സുനന്ദ തന്നോട് ട്വിറ്ററിലൂടെ ആശയവിനിമയം നടത്തിയിരുന്നുവെന്നും കാര്യങ്ങൾ വെളിപ്പെടുത്തട്ടെയെന്ന് ചോദിച്ചപ്പോൾ വെളിപ്പെടുത്താൻ താൻ അവരോട് ആവശ്യപ്പെട്ടതായും ലളിത് മോദി പറഞ്ഞു. എന്നാൽ താൻ സുനന്ദയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ജനുവരി 17-നാണ് സുനന്ദ പുഷ്കറെ ന്യൂഡൽഹിയിലെ ഒരു ആഡംബര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സീസൺ മാത്രം കളിച്ചതിന് ശേഷം 2011-ൽ ബിസിസിഐ കൊച്ചി ഫ്രാഞ്ചൈസിയുടെ അംഗത്വം റദ്ദാക്കിയിരുന്നു. കെസിപിഎൽ, ആർഎസ്ഡബ്ല്യു എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന കൊച്ചി ടസ്കേഴ്സ് 2011 ഐപിഎല്ലിൽ 10 ടീമുകളിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ വിവാദങ്ങളെത്തുടർന്ന് 2010 ഏപ്രിലിൽ ശശി തരൂരിന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി 



Source link

Leave a Reply

Your email address will not be published. Required fields are marked *