Last Updated:
യാത്രസൗകര്യം, താമസസൗകര്യം, സംപ്രേക്ഷണത്തിനാവശ്യമായ ക്രമീകരണങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക
മാർച്ച് 28-ന് ആരംഭിച്ച ഐപിഎൽ സീസണിന്റെ അവസാന ഘട്ട മത്സരങ്ങൾക്ക് ഏത് രണ്ട് നഗരങ്ങൾ ആതിഥേയത്വം വഹിക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പരിഗണിച്ചാണ് ഐപിഎൽ ഗവേണിംഗ് കൗൺസിൽ രണ്ട് ഘട്ടങ്ങളിലായി മത്സരക്രമം പുറത്തിറക്കിയത്. എന്നാൽ ഫൈനൽ ഉൾപ്പെടെയുള്ള ഐപിഎൽ പ്ലേഓഫ് വേദികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ബംഗളൂരു, ന്യൂ ചണ്ഡിഗഡ് എന്നീ നഗരങ്ങളാണ് പ്ളേഓഫ് മത്സരങ്ങൾക്കായി പ്രധാനമായും പരിഗണിക്കപ്പെടുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
യാത്രസൗകര്യം, താമസസൗകര്യം, സംപ്രേക്ഷണത്തിനാവശ്യമായ ക്രമീകരണങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടിൽ ഫൈനൽ മത്സരം നടത്തുക എന്നതാണ് ഐപിഎല്ലിലെ രീതി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആണ് നിലവിലെ ചാമ്പ്യന്മാർ എന്നതിനാൽ ഇത്തവണത്തെ കിരീടപ്പോരാട്ടം അവരുടെ തട്ടകമായ ബംഗളൂരുവിൽ നടക്കാനാണ് കൂടുതൽ സാധ്യത.
ഐപിഎൽ 19-ാം സീസണിൽ ആകെ 74 മത്സരങ്ങളാണുള്ളത്. ഇതിൽ 70 ലീഗ് മത്സരങ്ങൾ മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ജയ്പൂർ, ന്യൂ ചണ്ഡിഗഡ്, ലഖ്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, റായ്പൂർ, ധർമ്മശാല എന്നിങ്ങനെ 13 വേദികളിലായി നടക്കും. ഇതുവരെ പുറത്തുവിട്ട പട്ടിക പ്രകാരം ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഞ്ച് ലീഗ് മത്സരങ്ങളുണ്ടാകും. ആർസിബി (RCB) തങ്ങളുടെ രണ്ട് ഹോം മത്സരങ്ങൾ ഇത്തവണ റായ്പൂരിലാണ് കളിക്കുന്നത്. കഴിഞ്ഞ വർഷം സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടുള്ള അപകടത്തെത്തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കർണാടക സർക്കാർ നിയമിച്ച വിദഗ്ധ സമിതി ചിന്നസ്വാമി സ്റ്റേഡിയത്തിന് മത്സരങ്ങൾ നടത്താൻ അനുമതി നൽകിയത്.
മറുഭാഗത്ത്, കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ പഞ്ചാബ് കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ മുല്ലൻപൂരിലെ (ന്യൂ ചണ്ഡിഗഡ്) മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാല് മത്സരങ്ങൾ നടക്കും. പഞ്ചാബ് തങ്ങളുടെ മറ്റ് മൂന്ന് ഹോം മത്സരങ്ങൾ ധർമ്മശാലയിൽ കളിക്കും. മെയ് 31-നാണ് ഈ സീസണിലെ ഫൈനൽ നടക്കുക.
New Delhi,New Delhi,Delhi













