Last Updated:
183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിലിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റൺസിന് പുറത്താവുകയായിരുന്നു
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ തങ്ങളുടെ ആദ്യ ടി20 വിജയം നേടി ചരിത്രം കുറിച്ച് അയർലൻഡ് . 2009-ന് ശേഷം ഇന്ത്യക്കെതിരെ കളിച്ച എട്ട് മത്സരങ്ങളിലും തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷമാണ്, ബെൽഫാസ്റ്റിൽ നടന്ന മത്സരത്തിൽ നീലപ്പടയെ 34 റൺസിന് പരാജയപ്പെടുത്തി അയർലൻഡ് പരമ്പരയിൽ 1-0 ന് മുന്നിലെത്തിയത്. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാരുടെ അക്ഷമ മുതലെടുത്ത അയർലൻഡ് ബൗളർമാർ മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യക്കെതിരെ ഏതൊരു ഫോർമാറ്റിലും അയർലൻഡ് നേടുന്ന ആദ്യ വിജയമാണിത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ മുന്നിലെത്തി.
പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചിൽ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിലിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റൺസിന് പുറത്താവുകയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് ആദ്യ ഓവറില്‍ 16 റണ്‍സ് നേടി മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജുവിനെ വെറും 5 റണ്‍സിന് ബൗൾഡാക്കി അയര്‍ലന്‍ഡിന്റെ അരങ്ങേറ്റക്കാരനായ ഇന്ത്യന്‍ വംശജൻ ജയ് മൂന്ദ്ര ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.
സഞ്ജു സാംസണിന്റെ ഇൻസൈഡ് എഡ്ജ് എടുത്ത പന്ത് സ്റ്റമ്പിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് കൃത്യമായ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഐറിഷ് ബൗളർമാർ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. മാറ്റ് ഹോളാർഡിന്റെ പന്തിൽ ലെഗ് സൈഡിലേക്ക് അടിച്ചുയർത്താൻ ശ്രമിച്ച ഇഷാൻ കിഷൻ, സർക്കിളിനുള്ളിൽ ലോർകാൻ ടക്കറിന് ക്യാച്ച് നൽകി പുറത്തായി.
വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും മറുവശത്ത് അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതോടെ ഇന്ത്യ നാലോവറില്‍ 57 റണ്‍സിലെത്തിയിരുന്നു. 15 പന്തില്‍ 46 റണ്‍സടിച്ച അഭിഷേക് ആയിരുന്നു പവര്‍ പ്ലേയില്‍ ഇന്ത്യയുടെ പ്രധാന സ്കോറര്‍. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 7 പന്തില്‍ 3 റണ്‍സ് മാത്രം എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ മടക്കി മാത്യു ഹോളാര്‍ഡ് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു.ഹോളാർഡിന്റെ സ്ലോവർ ഡെലിവറി ഫ്ലിക്ക് ചെയ്യാൻ അയ്യർ ശ്രമിച്ചെങ്കിലും ടൈമിംഗ് പിഴച്ചതോടെ ഡീപ്പിൽ ജോർജ്ജ് ഡോക്റെല്ലിന്റെ കൈകളിൽ ഒതുങ്ങി. പവര്‍ പ്ലേയില്‍ 3 വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് തിലക് വര്‍മയും അഭിഷേക് ശര്‍മയും ചേര്‍ന്ന് പ്രതീക്ഷകള്‍ മുന്നോട്ട് കൊണ്ടുപോയി.
എട്ടാം ഓവറില്‍ വെറും 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ വലിയൊരു അടിക്കുള്ള ശ്രമത്തിനിടെ അഭിഷേക് ശര്‍മയും പുറത്തായി. 20 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തി 50 റണ്‍സെടുത്ത അഭിഷേകിനെ ലിയാം മക്കാര്‍ത്തിയാണ് പുറത്താക്കിയത്. തുടർന്ന് തിലക് വര്‍മ ക്രീസില്‍ പിടിച്ചു നില്ക്കാൻ നോക്കിയെങ്കിലും 11-ാം ഓവറില്‍ മാത്യു ഹംഫ്രീസിന്റെ പന്തില്‍ മടങ്ങി. 21 പന്തില്‍ 19 റണ്‍സാണ് തിലക് എടുത്തത്. പിന്നീടെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനും (12 പന്തില്‍ 9 റൺസ്) ക്രീസില്‍ അധികനേരം ആയുസ്സുണ്ടായിരുന്നില്ല.പതിനാറാം ഓവറിലെ അവസാന പന്തില്‍ 14 പന്തില്‍ 25 റണ്‍സെടുത്ത ശിവം ദുബെയെ തകര്‍പ്പനൊരു റിട്ടേൺ ക്യാച്ചിലൂടെ മടക്കി ജയ് മൂന്ദ്ര ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിപ്പിക്കുകയായിരുന്നു.
അവസാന നാലോവറില്‍ ജയിക്കാന്‍ 48 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ദുബെ പുറത്തായതിന് പിന്നാലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ 15 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെ ഡെലാനി കൂടി മടക്കിയതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി. അയര്‍ലന്‍ഡിനായി മാത്യു ഹോളാര്‍ഡ് 3 വിക്കറ്റും മാത്യു ഹംഫ്രീസ് 3 വിക്കറ്റും വീഴ്ത്തിയപ്പോള്‍ ജെയ് മൂന്ദ്ര രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിനും വിചാരിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി അയര്‍ലന്‍ഡ് 36 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച ഡെലാനിയും ടെക്ടറും ചേര്‍ന്ന് കെട്ടിപ്പടുത്ത 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് അയര്‍ലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ടെക്ടര്‍ മടങ്ങിയശേഷം ഡെലാനിയും ഡോക്റെലും ചേര്‍ന്ന് 49 റണ്‍സ് കൂടി കൂട്ടിച്ചേർത്ത് അയര്‍ലന്‍ഡിനെ 17 ഓവറില്‍ 164-5 എന്ന ശക്തമായ നിലയിലെത്തിച്ചു. ഒടുവിൽ 19 റണ്‍സെടുത്ത ഡോക്റെലിനെ മടക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിൽ 182 റണ്‍സിലൊതുങ്ങുകയായിരുന്നു.
New Delhi,New Delhi,Delhi
Jun 26, 2026 10:26 PM IST













