ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഫിഫയുടെ പ്രത്യേക ‘വേൾഡ് കപ്പ് ലെഗസി’ ബാഡ്ജ് | | ACTPnews

News18


Last Updated:

ഒന്നിലധികം ലോകകപ്പുകളിൽ കളിക്കുകയും തങ്ങളുടെ കരിയർ കൊണ്ട് ലോകകപ്പിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയും ചെയ്ത കളിക്കാർക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ് ഈ ലെഗസി ബാഡ്ജ്.

News18
News18

2026 ഫിഫ ലോകകപ്പിൽ ചരിത്രപരമായ നേട്ടങ്ങളെയും ഫുട്ബോൾ ലോകത്തിന് താരങ്ങൾ നൽകിയ ദീർഘകാല സംഭാവനകളെയും ആദരിക്കുന്നതിനായി ജേഴ്സിയുടെ കൈകളിൽ (Sleeve) അണിയാൻ പ്രത്യേക ബാഡ്ജുകൾ ഫിഫ അവതരിപ്പിച്ചു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് പുതുതായി അവതരിപ്പിച്ച “ഫിഫ ലോകകപ്പ് ലെഗസി” (FIFA World Cup Legacy) ബാഡ്ജ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചില കളിക്കാരുടെ ജേഴ്സികളിൽ ഈ ബാഡ്ജ് ഇതിനകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു.

എന്തുകൊണ്ടാണ് ഈ ബാഡ്ജ് ഇത്ര സവിശേഷമാകുന്നത്?

ഒന്നിലധികം ലോകകപ്പുകളിൽ കളിക്കുകയും തങ്ങളുടെ കരിയർ കൊണ്ട് ലോകകപ്പിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയും ചെയ്ത കളിക്കാർക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ് ഈ ലെഗസി ബാഡ്ജ്. ജേഴ്സിയിലെ സാധാരണ ഫിഫ ലോകകപ്പ് പാച്ചിന് താഴെയായിട്ടാണ് ഇത് പതിപ്പിക്കുന്നത്. സ്വർണ്ണ നിറത്തിലുള്ള ഒരു ഫുട്ബോൾ കളിക്കാരന്റെ രൂപവും അതിനൊപ്പം “ഫിഫ ലോകകപ്പ് ലെഗസി” എന്ന എഴുത്തും അടങ്ങുന്നതാണ് ഈ ബാഡ്ജ്. ഇതിനുപുറമെ കളിക്കാരന്റെ പേര്, അവരുടെ രാജ്യത്തിന്റെ പതാക തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ഇതിലുണ്ടാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സിയിലെ ബാഡ്ജിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ “സീ യു” (SIUU) ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2006-ൽ ജർമ്മനിയിൽ നടന്ന ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ തങ്ങളുടെ ആറാമത്തെ ലോകകപ്പിലാണ് കളിക്കുന്നത്. 2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായാണ് മെസ്സി എത്തുന്നത്, അതേസമയം പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന തന്റെ അസാധാരണമായ റെക്കോർഡ് കൂടുതൽ മെച്ചപ്പെടുത്താനാണ് റൊണാൾഡോ ശ്രമിക്കുന്നത്.

ഈ ബാഡ്ജ് ലഭിച്ച മറ്റ് കളിക്കാർ ആരെല്ലാം?

ക്രൊയേഷ്യക്കൊപ്പം തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്ന ലൂക്കാ മോഡ്രിച്ചാണ് ഈ ബാഡ്ജ് ലഭിച്ച മറ്റൊരു പ്രമുഖ താരം. മുൻ ബാലൺ ഡി ഓർ ജേതാവായ മോഡ്രിച്ച് 2018-ൽ ക്രൊയേഷ്യയെ റണ്ണേഴ്സ് അപ്പാക്കുന്നതിലും നാല് വർഷത്തിന് ശേഷം ഖത്തറിൽ മൂന്നാം സ്ഥാനം നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.

ഇവ കൂടാതെ മറ്റ് ചില സ്മരണിക പാച്ചുകളും ഫിഫ ഇത്തവണ ടൂർണമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. മുൻപ് ലോകകപ്പ് നേടിയ രാജ്യങ്ങൾ പ്രത്യേക സ്വർണ്ണ ചാമ്പ്യൻസ് ബാഡ്ജ് അണിയുമ്പോൾ, ആദ്യമായി ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയ രാജ്യങ്ങളുടെ ജേഴ്സിയിൽ “ഡെബ്യൂ ഫിഫ വേൾഡ് കപ്പ്” (Debut FIFA World Cup) പാച്ചാണുള്ളത്.

വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചവർക്കും പ്രത്യേക ആദരമുണ്ട്. മുൻ ലോകകപ്പുകളിൽ ഗോൾഡൻ ബൂട്ട് നേടിയ ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ഹാമിഷ് റോഡ്രിഗസ് എന്നിവർ പ്രത്യേക സ്കോറർ ബാഡ്ജുകൾ അണിയുമ്പോൾ, മുൻപ് ഗോൾഡൻ ഗ്ലൗസ് പുരസ്കാരം നേടിയ എമിലിയാനോ മാർട്ടിനെസ്, തിബോ കോർട്ടുവ, മാനുവൽ നോയർ എന്നിവർക്ക് പ്രത്യേക ഗോൾകീപ്പർ പാച്ചുകളാണുള്ളത്. ലോകകപ്പിന്റെ സമ്പന്നമായ ചരിത്രത്തെ തലമുറകളിലൂടെ രൂപപ്പെടുത്തിയ ഇതിഹാസ താരങ്ങൾക്കും പുതുതായി വളർന്നുവരുന്ന രാജ്യങ്ങൾക്കുമുള്ള ഫിഫയുടെ ആദരമായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *