Last Updated:
ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തു.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ലയണൽ മെസി. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോൾ. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തു. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്.
ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീന 2-0 ന് ഓസ്ട്രിയയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാൽ പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ അദ്ദേഹം 38-ാം മിനിറ്റിൽ ഗോൾ നേടി ടീമിന് ലീഡ് നൽകി. തുടർന്ന് മറ്റൊരു ഗോൾ കൂടി നേടി വിജയമുറപ്പിച്ചു.
ചരിത്രഗോൾ നേടിയതോടെ മെസിയുടെ ലോകകപ്പ് വിജയങ്ങളുടെ എണ്ണം 18 ആയി. ജൂൺ 22 ലോക ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു അനശ്വര ദിനത്തിന്റെ 40-ാം വാർഷികവുമായിരുന്നു. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്ക് വിജയം സമ്മാനിച്ച രണ്ട് പ്രശസ്ത ഗോളുകൾ നേടിയ ദിനം. അന്ന് മറഡോണ നേടിയ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളും ‘ഗോൾ ഓഫ് ദ സെഞ്ചുറി’യുമാണ് ഫുട്ബോൾ ലോകത്തിൽ എന്നും ഓർമ്മിക്കപ്പെടുന്നൊന്ന്. മറഡോണയുടെ ആ ചരിത്രദിനത്തിന് 40 വർഷം തികയുന്ന വേളയിൽ ലോകകപ്പിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ട മെസ്സി സ്വന്തമാക്കിയിരിക്കുകയാണ്.
ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടവും മെസിക്ക് സ്വന്തം. അഞ്ച് ദിവസം മുമ്പ് അൾജീരിയക്കെതിരായ 3-0 വിജയത്തിൽ ഹാട്രിക് നേടിയ മെസ്സി, അതേ മികവ് ഓസ്ട്രിയക്കെതിരെയും തുടർന്നതോടെയാണ് ചരിത്രനേട്ടം സ്വന്തമാക്കാനായത്.
കഴിഞ്ഞ ആഴ്ച്ച അൾജീരിയക്ക് എതിരെ നടന്ന ആവേശകരമായ മത്സരത്തോടെ ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന എക്കാലത്തെയും വലിയ റെക്കോഡിനൊപ്പം മെസി എത്തിയിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ലഭിച്ച നിർണായക പെനല്‍റ്റി മെസി പാഴാക്കിയിരുന്നു. അർജന്റീനിയൻ താരം ലൗറ്റാരോ മാർട്ടിനെസ് പന്തുമായി മുന്നേറുന്നതിനിടെ ബോക്സിനകത്തുവച്ച് ഓസ്ട്രിയൻ ഡിഫൻഡർമാർ ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു.













