Last Updated:
18 വർഷത്തോളം ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലകനായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് സഹീർ ഖാന്റെ നിയമനം
ഐപിഎൽ 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സി.എസ്.കെ) മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനെ പ്രഖ്യാപിച്ചു. 18 വർഷത്തോളം ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലകനായിരുന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് സഹീർ ഖാന്റെ നിയമനം.
2008-ൽ കെപ്ലർ വെസിൽസും, ഈ വർഷം ജൂലൈയിൽ പടിയിറങ്ങിയ സ്റ്റീഫൻ ഫ്ലെമിംഗിനും ശേഷം സി.എസ്.കെയുടെ പടിയിലെത്തുന്ന മൂന്നാമത്തെ പരിശീലകനാണ് സഹീർ ഖാൻ.
ഐ.പി.എല്ലിൽ ബാക്ക് റൂം സ്റ്റാഫ് എന്ന നിലയിൽ വലിയ അനുഭവസമ്പത്തുള്ളയാളാണ് സഹീർ. 2018 മുതൽ 2022 വരെ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് ആയും ഗ്ലോബൽ ഡെവലപ്മെന്റ് ഹെഡായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2025-ൽ ലക്നൗ സൂപ്പർ ജെയ്ന്റ്സിന്റെ ടീം മെന്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹീറിന്റെ മികച്ച പാരമ്പര്യവും യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള മിടുക്കും തങ്ങളുടെ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് ഫ്രാഞ്ചൈസി ഉടമ രൂപ ഗുരുനാഥ് വ്യക്തമാക്കി. ഫ്രാഞ്ചൈസിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ അദ്ദേഹത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് കഴിയുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് ഐ.പി.എൽ കിരീടങ്ങളും സി.എസ്.കെയ്ക്ക് സമ്മാനിച്ചത് ഫ്ലെമിംഗ് ആണെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി ടീമിന് പ്ലേഓഫിലെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എട്ടാം സ്ഥാനത്തും പത്താം സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്തത്. സഹീറിന്റെ തന്ത്രപരമായ മികവ് ടീമിന് എത്രത്തോളം പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നത് കണ്ടറിയേണ്ടതുണ്ട്.
2000-കളിൽ ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച കളിക്കാരനാണ് സഹീർ. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്ന് സഹീർ ഖാൻ പ്രതികരിച്ചു.














