ഡച്ചുകാരുടെ ഇഷ്ട നിറം ഓറഞ്ച്;നെതർലൻഡ്‌സ് ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിന് പിന്നിൽ | | ACTPnews

News18


Last Updated:

നൂറ്റാണ്ടുകളായി ഡച്ച് സംസ്കാരത്തിന്റെ ഭാഗമായ ഈ നിറം, കായിക മത്സരങ്ങൾ മുതൽ രാജകുടുംബവുമായി ബന്ധപ്പെട്ട ദേശീയ ചടങ്ങുകൾ വരെ രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രതീകമായി ഉപയോഗിക്കുന്നു

News18
News18

രാജ്യത്തിന്റെ ദേശീയ പതാകയിൽ ചുവപ്പും വെള്ളയും നീലയുമാണ് ഉള്ളതെങ്കിലും, അന്താരാഷ്ട്ര ഫുട്ബോൾ ലോകത്ത് നെതർലൻഡ്‌സ് ടീമും അവരുടെ ആരാധകരും തിളങ്ങുന്നത് ഓറഞ്ച് നിറത്തിലാണ്. ലോകകപ്പ് മുതൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ വരെ ഡച്ച് ഫുട്ബോളിന്റെ മുഖമുദ്രയായി മാറിയ ഈ ‘ഓറഞ്ച്’ പാരമ്പര്യത്തിന് പിന്നിലെ ചരിത്രമെന്തെന്ന് നോക്കാം.

രാജകുടുംബവുമായുള്ള ബന്ധം

നെതർലൻഡ്സ് രാജകുടുംബമായ ‘ഹൗസ് ഓഫ് ഓറഞ്ച്-നസ്സൗ’ (House of Orange-Nassau) ഉപയോഗിക്കുന്ന നിറമാണ് ഓറഞ്ച്. നൂറ്റാണ്ടുകളായി ഡച്ച് സംസ്കാരത്തിന്റെ ഭാഗമായ ഈ നിറം, കായിക മത്സരങ്ങൾ മുതൽ രാജകുടുംബവുമായി ബന്ധപ്പെട്ട ദേശീയ ചടങ്ങുകൾ വരെ രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രതീകമായി ഉപയോഗിക്കുന്നു. ഫുട്ബോളിന് പുറമെ മറ്റ് പല കായികയിനങ്ങളിലും നെതർലൻഡ്സിനെ പ്രതിനിധീകരിക്കാൻ ഈ നിറം ഉപയോഗിക്കാറുണ്ട്.

2026 ലോകകപ്പ് ജേഴ്‌സികൾ

നെതർലൻഡ്സിന്റെ 2026 ലോകകപ്പ് ഹോം ജേഴ്‌സിയിൽ തിളക്കമുള്ള ഓറഞ്ച് നിറത്തോടൊപ്പം കോളറിലും കൈകളിലും കറുത്ത വരകളും നൽകിയിരിക്കുന്നു. മനോഹരമായ ഒരു ആധുനിക രൂപകൽപ്പനയാണ് നൈക്ക് ഇതിനായി ഒരുക്കിയിട്ടുള്ളത്. അതേസമയം, എവേ ജേഴ്‌സിയിൽ വെള്ള പശ്ചാത്തലത്തിൽ ഓറഞ്ച് നിറത്തിലുള്ള ബോർഡറുകളും നെഞ്ചിന് കുറുകെയായി ഒരു ബോൾഡ് ഓറഞ്ച് ഗ്രാഫിക് ഡിസൈനുമാണ് നൽകിയിരിക്കുന്നത്.

ദേശീയ പതാക ഓറഞ്ചാകാത്തത് എന്തുകൊണ്ട്?

പതിനാറാം നൂറ്റാണ്ടിൽ സ്പെയിനെതിരായ സ്വാതന്ത്ര്യ സമരകാലത്ത് ഡച്ച് പതാകയിൽ നീല, വെള്ള, ഓറഞ്ച് നിറങ്ങളാണ് ഉണ്ടായിരുന്നത്. വില്യം ഓഫ് ഓറഞ്ച് ആയിരുന്നു ഇതിന് കാരണം. എന്നാൽ പിന്നീട് എന്തുകൊണ്ടാണ് പതാകയിലെ ഓറഞ്ച് നിറം മാറിയത് എന്നതിന് കൃത്യമായ രേഖകളില്ല. 1654-ൽ ബ്രിട്ടനുമായി ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ ഭാഗമായാണ് മാറ്റം എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. എന്നാൽ പത്താം നൂറ്റാണ്ടിലെ ബവേറിയൻ കോട്ട് ഓഫ് ആംസിൽ നിന്നാണ് ചുവപ്പ്, വെള്ള, നീല നിറങ്ങൾ എടുത്തതെന്നും ചിലർ കരുതുന്നു. കാലക്രമേണ പതാകയിലെ ഓറഞ്ച് ഡൈ മങ്ങി ചുവപ്പായി മാറിയതുകൊണ്ട് നേതാക്കൾ തന്നെ ചുവപ്പ് ഔദ്യോഗികമായി സ്വീകരിച്ചു എന്നൊരു ലളിതമായ വാദവുമുണ്ട്. കാരണം എന്തായാലും, ലോകവേദിയിൽ നെതർലൻഡ്സിന്റെ പ്രധാന അടയാളം ഇന്നും ഓറഞ്ച് തന്നെയാണ്.

ഓറഞ്ച് ആവേശം (Oranjegekte)

ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ വലിയ കായികമേളകളിലും ‘കോണിങ്സ്ഡാഗ്’ (Koningsdag-Kings Day) പോലുള്ള ദേശീയ അവധി ദിവസങ്ങളിലും നെതർലൻഡ്സിൽ കാണുന്ന സർവ്വത്ര ഓറഞ്ച് മയത്തെയാണ് ‘ഓറഞ്ചെകെറ്റെ’ (Oranjegekte) എന്ന് വിളിക്കുന്നത്. ഡച്ച് ആരാധകർ പൂർണ്ണമായും ഓറഞ്ച് വസ്ത്രങ്ങൾ ധരിച്ച് ടീമിനും രാജ്യത്തിനും പിന്തുണ അറിയിക്കുന്നതോടൊപ്പം, കാറുകളും മുറികളും തെരുവുകളും പോലും ഓറഞ്ച് നിറത്തിൽ അലങ്കരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *