ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു | | ACTPnews

News18


Last Updated:

16 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിന് തിരശ്ശീലയിട്ടുകൊണ്ടാണ് ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്.

News18
News18

ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയ 16 വർഷം നീണ്ട ഉജ്ജ്വലമായ കരിയറിന് തിരശ്ശീലയിട്ടുകൊണ്ടാണ് ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്.

35-കാരനായ വില്യംസൺ 48 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും ഉൾപ്പെടെ എല്ലാ ഫോർമാറ്റുകളിലുമായി 19,346 റൺസ് നേടി ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായാണ് കളം വിടുന്നത്. 2010-ൽ ദാംബുള്ളയിൽ ഇന്ത്യക്കെതിരായ ഏകദിന മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച വില്യംസൺ 378 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡ് താരത്തിന്റെ ഏറ്റവും ഉയർന്ന റൺസ് എന്ന റെക്കോർഡോടെ 9,515 റൺസും 33 സെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

“ഞാൻ ഇതിനെക്കുറിച്ച് കുറച്ചുകാലമായി ചിന്തിക്കുകയായിരുന്നു, എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ഇതാണ് ശരിയായ സമയമെന്ന് എനിക്ക് വ്യക്തമായി. അന്താരാഷ്ട്ര ക്രിക്കറ്റിനോട് എനിക്ക് എപ്പോഴും ശക്തമായ ആഗ്രഹവും ആവേശവുമുണ്ടായിരുന്നു. ന്യൂസിലൻഡിനായി കളിച്ച ഓരോ മത്സരത്തിലും എന്റെ നൂറ് ശതമാനവും നൽകാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അതിൽ കുറഞ്ഞ മറ്റൊന്നുമായി മുന്നോട്ട് പോകുന്നത് ശരിയാവില്ല, എന്റെ സ്വന്തം തീരുമാനപ്രകാരം കളി നിർത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്,” ന്യൂസിലൻഡ് ക്രിക്കറ്റിന് (NZC) നൽകിയ പ്രസ്താവനയിൽ വില്യംസൺ പറഞ്ഞു.

2015-ലെ ഐ.സി.സി ക്രിക്കറ്റർ ഓഫ് ദി ഇയർ, 2019-ലെ ഐ.സി.സി ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങൾ നേടിയത് വില്യംസണിന്റെ കരിയറിലെ വലിയ നേട്ടങ്ങളാണ്. കൂടാതെ നാല് തവണ സർ റിച്ചാർഡ് ഹാഡ്‌ലി മെഡലും അദ്ദേഹം സ്വന്തമാക്കി. ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു കാലഘട്ടത്തിൽ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. 2021-ൽ നടന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ച അദ്ദേഹം, വിവിധ ഫോർമാറ്റുകളിലായി രണ്ട് ഐ.സി.സി ഫൈനലുകളിലും ഒന്നിലധികം സെമി ഫൈനലുകളിലും ടീമിനെ എത്തിച്ചു.

“ഈ ടീം മുന്നോട്ട് പോകുന്ന വഴിയെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയുണ്ട്. മികച്ച പ്രതിഭകളും ന്യൂസിലൻഡ് ടീമിനൊപ്പം സവിശേഷമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ഈ സംഘത്തിനുണ്ട്. ഞാൻ അത്രമേൽ സ്നേഹിക്കുന്ന ഒരു ടീമാണിത്, ഇത്രയും കാലം ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. ഈ ടീം എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

35കാരനായ വില്യംസന്റെ  ഈ വിരമിക്കൽ പ്രഖ്യാപനം പലർക്കും ഒരു അദ്ഭുതമായിരിക്കില്ല. തന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനും ലോകമെമ്പാടുമുള്ള സ്വകാര്യ ലീഗുകളിലെ കരാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ക്രമേണ അകലം പാലിക്കുകയായിരുന്നു. 2026-ൽ ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ അസിസ്റ്റന്റ് കോച്ചായി അദ്ദേഹം അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ കരിയറിലെ ഈ മാറ്റത്തിന്റെ സൂചനകൾ പ്രകടമായിരുന്നു.

ക്രിക്കറ്റ് ലോകം ഏറെ ആദരിക്കുന്ന ‘ഫാബ്-ഫോർ’ (Fab-Four) സംഘത്തിലെ അംഗമായ വില്യംസണെ, സാങ്കേതിക തികവുള്ളതും കണ്ണുകൾക്ക് വിരുന്നേകുന്നതുമായ ബാറ്റിംഗ് ശൈലി കൊണ്ടും, കളിക്കളത്തിലെ അസാധ്യമായ ധീരത കൊണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ലോകം എക്കാലവും ഓർമ്മിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *