Last Updated:
നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ വെറും 26 പന്തിൽ നിന്ന് 78 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്
ഐപിഎല്ലിൽ വീണ്ടും തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത് രാജസ്ഥാൻ റോയൻസിന്റെ കൌമാരതാരം വൈഭവ് സൂര്യവൻഷി.കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ (ആർസിബി) മത്സരത്തിൽ വെറും 26 പന്തിൽ നിന്ന് 78 റൺസെടുത്ത 15 വയസ്സുകാരൻ രാജസ്ഥാന് അനായാസ വിജയവും സമ്മാനിച്ചു.
ഏഴ് സിക്സറുകൾ ഉൾപ്പെട്ട വൈഭവിന്റെ സ്ഫോടനാത്മകമായ ഇന്നിംഗ്സ് 201 റൺസ് എന്ന വിജയലക്ഷ്യം വളരെ എളുപ്പമുള്ളതാക്കി മാറ്റി. രണ്ട് ഓവർ ബാക്കിനിൽക്കെ തന്നെ രാജസ്ഥാൻ ലക്ഷ്യം കണ്ടു. ഭൂരിഭാഗം കൗമാരക്കാരും സ്കൂൾ പരീക്ഷകളുടെ തിരക്കിലായിരിക്കുന്ന പ്രായത്തിൽ, ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള ഈ കൊച്ചുതാരം ക്രിക്കറ്റിലെ ഏറ്റവും വലിയ വേദിയിൽ വാർത്തകളിൽ ഇടംപിടിക്കുകയാണ്.
നിർഭയമായ ബാറ്റിംഗിനും വേഗതയേറിയ ബാറ്റ് സ്വിംഗിനും പേരുകേട്ട വൈഭവ് താൻ ഭാവിയിലെ സൂപ്പർതാരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. മുൻമത്സരത്തിൽ (മുംബൈ ഇന്ത്യൻസിനെതിരെ) ജസ്പ്രീത് ബുംറയെ നേരിട്ട വൈഭവ്, ഈ കളിയിൽ ജോഷ് ഹേസൽവുഡിനെ ലക്ഷ്യമിടുകയും ഓസ്ട്രേലിയൻ താരത്തിന്റെ പന്തുകളിൽ അനായാസം ബൗണ്ടറികൾ പായിക്കുകയും ചെയ്തു.
മികച്ച നിലവാരമുള്ള ബൗളിംഗിനെ നേരിടുമ്പോഴും ശാന്തത കൈവിടാതെ തന്റെ ബാറ്റിംഗ് രീതിയിൽ തന്നെ താരം ശ്രദ്ധ കേന്ദ്രീകരിച്ചു. “ഞാൻ പരിശീലിക്കുന്നത് നടപ്പിലാക്കാനും എന്റെ സ്വാഭാവിക ശൈലിയെ പിന്തുണയ്ക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ബൗളർ ആരാണെന്ന് (ബുംറയോ ഹേസൽവുഡോ) മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവുമെങ്കിലും, ഞാൻ ബൗളറെയല്ല ബോൾ നോക്കിയാണ് കളിക്കുന്നത്,” ഹേസൽവുഡിനെ ആത്മവിശ്വാസത്തോടെ നേരിട്ടതിനെക്കുറിച്ച് സൂര്യവംശി പറഞ്ഞു.
കുടുംബത്തിന്റെയും ടീമിന്റെയും വലിയ പിന്തുണയുണ്ടെന്നും ഇതൊരു വലിയ യാത്രയാണെന്നും കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് പിതാവ് സഞ്ജീവും ടീമിലെ സപ്പോർട്ട് സ്റ്റാഫും എപ്പോഴും ഉപദേശിക്കാറുള്ളതെന്നും താരം പറഞ്ഞു.
എങ്കിലും 78 റൺസിൽ പുറത്തായതിൽ വൈഭവിന് അൽപം നിരാശയുണ്ടായിരുന്നു. ടീമിനായി കുറച്ചുകൂടി സംഭാവന നൽകാമായിരുന്നുവെന്ന് തനിക്ക് തോന്നിയതായി മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു. “ഞാൻ അല്പസമയം കൂടി ക്രീസിലുണ്ടായിരുന്നെങ്കിൽ 20 റൺസ് കൂടി നേടാമായിരുന്നു, അത് ടീമിന് കൂടുതൽ ഗുണകരമാകുമായിരുന്നു എന്നാണ് എന്റെ ചിന്ത,” സൂര്യവംശി വ്യക്തമാക്കി.
New Delhi,New Delhi,Delhi













