[ad_1]
Last Updated:
മെസ്സിക്ക് ഇൻസ്റ്റാഗ്രാമിലൂടെയാണ് അടുത്ത സുഹൃത്തും മുൻ ബാഴ്സലോണ, പി.എസ്.ജി സഹതാരവുമായ നെയ്മർ ആശംസകൾ നേർന്നത്
അർജന്റീന ടീമിനായുള്ള ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മുന്നോടിയായി ആദരമർപ്പിച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന മെസ്സിക്ക് ഇൻസ്റ്റാഗ്രാമിലൂടെയാണ് അടുത്ത സുഹൃത്തും മുൻ ബാഴ്സലോണ, പി.എസ്.ജി സഹതാരവുമായ നെയ്മർ ആശംസകൾ നേർന്നത്.
ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും ഇത്രയും വർഷക്കാലം നിന്റെ കളി കണ്ട് ആസ്വദിച്ചിട്ടുണ്ട്, നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ഇന്ന് നിന്റെ രാജ്യത്തിന്റെ കുപ്പായത്തിൽ നീ കളിക്കുന്ന അവസാന മത്സരമാണ്. ഇതിന്റെ ഓരോ നിമിഷവും നീ ആസ്വദിക്കുമെന്നും എല്ലാ ആദരവുകളും നിന്നെ സന്തോഷിപ്പിക്കുമെന്നും കരുതുന്നു. അർജന്റീന മാത്രമല്ല, ഫുട്ബോളിനായി നീ ചെയ്ത എല്ലാത്തിനും ലോകം മുഴുവൻ നിന്നോട് നന്ദി പറയുന്നു. ഫുട്ബോളിനെ കൂടുതൽ പ്രണയിക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. നിനക്കെതിരെ കളിക്കാനും അതിലേറെ നിനക്കൊപ്പം ചരിത്രം കുറിക്കാനും കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്. നന്ദി, ലിയോ മെസ്സി,” നെയ്മർ കുറിച്ചു.
ബ്യൂണസ് അയേഴ്സിലെ വിഖ്യാതമായ മോനുമെന്റൽ സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയാണ് മെസ്സി തന്റെ അവസാന മത്സരം കളിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള ടീം ബസിലെ യാത്രയ്ക്കിടയിലും, മത്സരത്തിന് മുൻപായി അർജന്റീനയുടെ ദേശീയ ഗാനം ആലപിച്ചപ്പോഴും വിതുമ്പുന്ന മെസ്സിയുടെ കാഴ്ച ആരാധകരുടെ കണ്ണുനിറച്ചു. 85,000 കാണികളാൽ നിറഞ്ഞ സ്റ്റേഡിയത്തിൽ മെസ്സിയുടെ 10-ാം നമ്പർ ജേഴ്സിയും ‘ഗ്രാസിയാസ്’ എന്ന വാക്കും ആലേഖനം ചെയ്ത കൂറ്റൻ ബാനറുകൾ ഉയർന്നു.
കളിക്കളത്തിലും ആരാധകരെ നിരാശരാക്കാതിരുന്ന മെസ്സി, മത്സരത്തിന്റെ 71-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അർജന്റീനയുടെ ലീഡ് 3-0 ആയി ഉയർത്തി. 48-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് നിക്കോളാസ് ഒറ്റാമെൻഡി തലയുയർത്തി ആദ്യ ഗോൾ നേടിയപ്പോൾ, 61-ാം മിനിറ്റിൽ നികോ പാസ് ടീമിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തിളക്കമാർന്ന കരിയറിനാണ് 39-കാരനായ ലയണൽ മെസ്സി ഇതോടെ തിരശ്ശീലയിടുന്നത്. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും ,ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബഹുമതിയും മെസ്സിയുടെ പേരിലാണ്.
[ad_2]
Source link














