Last Updated:
ജൂലൈ 19 ഞായറാഴ്ച രാത്രി ഫിഫ ലോകകപ്പ് ഫുടബോൾ ഫൈനൽ മത്സരം നടക്കുന്നതിനാൽ വിദ്യാർഥികളിൽ ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.
കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവധി അനുവദിക്കണമെന്ന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കായികമന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും അവർ പറഞ്ഞു.
അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30 നാണ് തുടങ്ങുന്നത്.82,500 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്.
തിങ്കളാഴ്ച പുലർച്ചെ വരെ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾക്ക് പകൽ ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം, കായികമത്സരങ്ങളോടുള്ള കുട്ടികളുടെ താൽപര്യവും പങ്കാളിത്തവും വർധിപ്പിക്കാൻ ഇത്തരമൊരു തീരുമാനം സഹായകമാകുമെന്ന് ദിയ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച നടപടി മാതൃകാപരമാണെന്നും, സമാനമായ തീരുമാനം സംസ്ഥാനത്താകെ നടപ്പാക്കുന്നത് വിദ്യാർഥികളിൽ കായികസംസ്കാരം വളർത്താനും ആരോഗ്യകരമായ സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ദിയ ബിനു പ്രസ്താവനയിൽ പറഞ്ഞു
ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ലഹരിക്കെതിരേ വിവിധ ബോധവത്കരണ പരിപാടികളും ‘തൂഫാൻ’ പോലുള്ള കാമ്പയിനുകളും നടക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനും ആരോഗ്യകരമായ വിനോദശീലങ്ങൾ വളർത്തുന്നതിനും കായികമത്സരങ്ങൾ ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
കായികമത്സരങ്ങളിൽ പങ്കെടുക്കാൻ മാത്രമല്ല, ലോകോത്തര മത്സരങ്ങൾ കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, ഫുട്ബോൾ ലോകകപ്പ് ഫൈനൽ പോലുള്ള ചരിത്രപ്രധാനമായ മത്സരം വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നത് കായികസംസ്കാരം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഫൈനൽ മത്സരത്തിനു ശേഷം അവധി നൽകുന്നത് ഉചിതമായ തീരുമാനമായിരിക്കുമെന്നും ദിയ ബിനു കൂട്ടിച്ചേർത്തു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് യു.ഡി.എഫ് പിന്തുണയോടെ നഗരസഭാ അധ്യക്ഷയായി ചരിത്രം കുറിച്ച 21കാരി ദിയ ബിനു ഈ സ്ഥാനത്തിരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് . മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നാണ് അവർ ബിരുദം പൂർത്തിയാക്കിയത്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.














