വിനേഷ് ഫോഗാട്ടിന്റെ പങ്കാളിത്തം ഉറപ്പാക്കണം; റെസ്‌ലിംഗ് ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം  | ലോക വാർത്ത | ACTPnews

News18


Last Updated:

വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിനേഷിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അവരുടെ കായികക്ഷമത വിലയിരുത്താൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

News18
News18

വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്കാനുള്ള റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) തീരുമാനത്തെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി. പ്രമുഖ അത്ലറ്റുകളോട് മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന സമീപനത്തിന് വിരുദ്ധമാണ് ഫെഡറേഷന്റെ ഇപ്പോഴത്തെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. തനിക്ക് താൽക്കാലിക ആശ്വാസം നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായ, ജസ്റ്റിസ് തേജ് കരിയ എന്നിവരടങ്ങിയ ബെഞ്ച്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിനേഷിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അവരുടെ കായികക്ഷമത വിലയിരുത്താൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

പ്രസവാവധിക്ക് ശേഷം കായികരംഗത്തേക്ക് ശക്തമായൊരു തിരിച്ചുവരവിന് ശ്രമിക്കുന്ന വിനേഷ് ഫോഗട്ട്, വരാനിരിക്കുന്ന മെയ് 30, 31 തീയതികളിലെ ട്രയൽസിൽ പങ്കെടുക്കാൻ തനിക്ക് അയോഗ്യത കൽപ്പിച്ച ഫെഡറേഷന്റെ തീരുമാനത്തെയാണ് കോടതിയിൽ ചോദ്യം ചെയ്തത്. ഇന്ത്യൻ ഗുസ്തി രംഗത്ത് വിനേഷ് ഫോഗട്ടിനുള്ള സ്ഥാനം കണക്കിലെടുത്ത്, ഫെഡറേഷന്റെ ഈ കടുത്ത നിലപാടിന് പിന്നിലെ യുക്തി എന്താണെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു.

അവർ 2025 ജൂലൈയിലാണ് ഒരു അമ്മയായതെന്നും ഇപ്പോൾ നമ്മൾ മെയ് മാസത്തിലാണ് എത്തിനിൽക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അവർ അന്താരാഷ്ട്ര ഖ്യാതിയുള്ള ഒരു ഗുസ്തി താരമാണ്. അവർക്കായി നിങ്ങൾ സെലക്ഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി എന്തുകൊണ്ട് കരുതിക്കൂടാ എന്നും കോടതി ചോദിച്ചു. വ്യക്തിപരമായ തർക്കങ്ങളോ ഭിന്നതകളോ എന്തുതന്നെയായാലും, അതിന്റെ പേരിൽ കായികരംഗത്തെ എന്തിനാണ് തകർക്കുന്നതെന്നും കോടതി ചോദിച്ചു. മാതൃത്വം ഈ രാജ്യത്ത് ഏറെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്, അത് ഒരിക്കലും ഒരു വ്യക്തിയുടെ കരിയറിന് ദോഷകരമായി ഭവിക്കരുതെന്നും കോടതി പരാമർശിച്ചു.

നേരത്തെ പ്രഗത്ഭരായ അത്ലറ്റുകൾക്ക് ഇളവുകൾ നൽകിയിരുന്ന നയം മാറ്റിയതിന് ഫെഡറേഷനെ ജഡ്ജിമാർ രൂക്ഷമായി വിമർശിച്ചു. പെട്ടെന്നുണ്ടായ ഈ സർക്കുലർ മാറ്റം തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും ഇത്തരം പെരുമാറ്റം കായികരംഗത്തിന്റെ വളർച്ചയ്ക്ക് ഒട്ടും നല്ലതല്ലെന്നും കോടതി പറഞ്ഞു. അർഹരായ കായികതാരങ്ങൾക്ക് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിനേഷിന്റെ കായികക്ഷമത പരിശോധിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ ബെഞ്ച് നിർദ്ദേശിച്ചത്. വിദഗ്ദ്ധരെക്കൊണ്ട് അവരുടെ കായികക്ഷമത പരിശോധിപ്പിക്കാനും മത്സരത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും കോടതി ആവശ്യപ്പെട്ടു.

നിലവിലെ ഫെഡറേഷൻ നിയമപ്രകാരം, വിരമിക്കലിന് ശേഷം തിരിച്ചുവരുന്ന അത്ലറ്റുകൾക്കുള്ള ആന്റി-ഡോപ്പിംഗ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ആറുമാസത്തെ നിർബന്ധിത നോട്ടീസ് കാലാവധി ലംഘിച്ചെന്ന് കാട്ടി വിനേഷിനെ 2026 ജൂൺ 26 വരെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങൾക്കിടയിലും അവർ ഗോണ്ടയിൽ നടന്ന നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

മുൻ ഡബ്ല്യു.എഫ്.ഐ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള ലൈംഗികാരോപണങ്ങളെ തുടർന്ന് 2023-ൽ വനിതാ ഗുസ്തി താരങ്ങൾ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രതിഷേധത്തിന്റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്. തുടർന്ന് 2024 ഓഗസ്റ്റിൽ നടന്ന പാരീസ് ഒളിംപിക്സിൽ 50 കിലോഗ്രാം വിഭാഗം ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയിൽ വെറും 100 ഗ്രാം കൂടുതൽ തൂക്കം കണ്ടെത്തിയതിനെ തുടർന്ന് അവർക്ക് ദൗർഭാഗ്യകരമായി അയോഗ്യത നേരിടേണ്ടി വന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/

വിനേഷ് ഫോഗാട്ടിന്റെ പങ്കാളിത്തം ഉറപ്പാക്കണം; റെസ്‌ലിംഗ് ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം 



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed