2026-ലെ ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് ആദ്യമായി ഇന്ത്യൻ ടീമിന്റെ ജേഴ്സി അണിയാനുള്ള അവസരം വൈഭവിന് ലഭിച്ചത്.മലയാളി താരം സഞ്ജു സാംസണും മൂന്ന് ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ ടീമിനെ കിരീടവിജയത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കി.
തന്റെ 15-ാം വയസ്സിൽ കളത്തിലിറങ്ങിയാൽ ഇന്ത്യൻ പുരുഷ ടീമിനെ പ്രതിനിധീകരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറും. അരങ്ങേറ്റത്തിന് അവസരം ലഭിച്ചാൽ, 1989-ൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാകും സൂര്യവംശി മറികടക്കുക.
തിലക് വർമയാണ് പുതിയ വൈസ് ക്യാപ്റ്റൻ. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന ടീമിൽ നേരത്തെ ഇടംപിടിച്ച വലംകൈയ്യൻ പേസർ പ്രിൻസ് യാദവിനും ആദ്യമായി ടി20 ടീമിലേക്ക് വിളി ലഭിച്ചിട്ടുണ്ട്. പരിക്കിനെ തുടർന്ന് 2026 ഐപിഎല്ലിലെ ചില മത്സരങ്ങൾ നഷ്ടമായ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ടീമിലേക്ക് പരിഗണിച്ചില്ല. അയർലൻഡിനെതിരെ രണ്ട് ടി20 മത്സരങ്ങളും തുടർന്ന് ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യ കളിക്കുക.
2023 ഡിസംബറിലാണ് ശ്രേയസ് അയ്യർ ഇന്ത്യക്കായി അവസാനമായി ടി20 കളിച്ചത്. ഈ വർഷം ആദ്യം നടന്ന ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. ലോകകപ്പ് ടീമിലും ഇടം നേടിയിരുന്നില്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും പുലർത്തിയ സ്ഥിരതയാർന്ന പ്രകടനമാണ് ശ്രേയസിനെ വീണ്ടും സെലക്ടർമാരുടെ പ്രിയങ്കരനാക്കിയതും ക്യാപ്റ്റൻ സ്ഥാനം കൈമാറാൻ കാരണമായതും.
ടി20 ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരക്കാരനായി അവസാന നിമിഷം ടീമിലെത്തിയ മുഹമ്മദ് സിറാജ് ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ സ്ഥാനം നിലനിർത്തി. ലോകകപ്പ് വാം-അപ്പ് മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ഹർഷിത് റാണ ഫിറ്റ്നസ് വീണ്ടെടുത്തതിനെ തുടർന്ന് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ കുൽദീപ് യാദവിനെ ഒഴിവാക്കി. ജസ്പ്രീത് ബുമ്രയ്ക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.എന്നാൽ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ജസ്പ്രീത് ബുമ്രയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരെയുള്ള രണ്ട് ടി20 മത്സരങ്ങൾ. അതിനുശേഷം ജൂലൈ 1 മുതൽ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കും.2026-ലെ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് നടക്കുന്നത്.ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ 2023-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.
ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, രവി ബിഷ്ണോയ്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.












