ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനും അപെക്സ് കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്
മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യർ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാകുമെന്ന് സൂചന. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ താല്പര്യങ്ങളെക്കാൾ, ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ താല്പര്യങ്ങൾക്കാണ് ബിസിസിഐ അപെക്സ് കൗൺസിൽ മുൻഗണന നൽകിയതെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. അഗാർക്കറുടെ ശക്തമായ നിലപാടാണ് ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് എത്തിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
സമീപകാലത്തെ മോശം ഫോമാണ് സൂര്യകുമാർ യാദവിന് കനത്ത തിരിച്ചടിയായത്. ഫോമില്ലായ്മ കാരണം അദ്ദേഹത്തിന് ക്യാപ്റ്റൻസി നഷ്ടമാകുമെന്ന് ഉറപ്പായതിന് പുറമെ, ടി20 ടീമിലെ സ്ഥാനം തന്നെ പൂർണ്ണമായി നഷ്ടപ്പെടാനും വലിയ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ടി20 ലോകകപ്പിലും (9 ഇന്നിങ്സുകളിൽ നിന്ന് 242 റൺസ്), ഐപിഎൽ 2026-ലും (13 ഇന്നിങ്സുകളിൽ നിന്ന് 270 റൺസ്) അദ്ദേഹത്തിന് പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സൂര്യകുമാർ യാദവിന് കഴിഞ്ഞിരുന്നില്ല.
31 കാരനായ ശ്രേയസ് അയ്യർ 2023 ഡിസംബറിന് ശേഷം ഇന്ത്യയ്ക്കായി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല. സൂര്യകുമാറും തിലക് വർമ്മയും മധ്യനിരയിൽ തിളങ്ങിയതിനാലാണ് ശ്രേയസിന് അവസരം ലഭിക്കാതിരുന്നത്. ഈ വർഷം ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പരിക്കേറ്റ സൂര്യകുമാറിന് പകരം ശ്രേയസിനെ ടീമിൽ എടുത്തിരുന്നെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല.
എന്നിരുന്നാലും മികച്ച ക്യാപ്റ്റൻസി മികവാണ് ശ്രേയസിന് തുണയായത്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) ഐപിഎൽ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, 2020-ലും 2025-ലും ഡൽഹി, പഞ്ചാബ് ടീമുകളെ ഫൈനലിലും എത്തിച്ചിരുന്നു. കൂടാതെ കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും (2025-ൽ 604 റൺസ്, 2026-ൽ 498 റൺസ്) മികച്ച ബാറ്റിങ് ഫോമിലുമായിരുന്നു അദ്ദേഹം.
ശനിയാഴ്ച ബിസിസിഐ നടത്തുന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഈ പുതിയ മാറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിനെ വരും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനും അപെക്സ് കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭാവി മുൻനിർത്തി യുവനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സമീപകാലത്ത് ഉജ്ജ്വല പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് അവാർഡുകളാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ വൈഭവ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ, കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്, സൂപ്പർ സ്‌ട്രൈക്കർ, കൂടുതൽ സിക്‌സ് എന്നീ പുരസ്കാരങ്ങളാണ് നേടിയത്. ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 237.31 ആണ് സ്‌ട്രൈക്ക് റേറ്റ്.











