300 മില്യൺ ഡോളറിന്റെ കള്ളപ്പണ ഇടപാട്? അർജന്റീന ഫുട്ബോൾ അസോസിയേഷന് കുരുക്കായി എഫ്.ബി.ഐ അന്വേഷണം | | ACTPnews

News18


Last Updated:

ഫിഫ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് അമേരിക്കയിൽ നിന്ന് ചാർട്ടർ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റിനെ എഫ്ബിഐ ചോദ്യം ചെയ്തത്

News18
News18

ഫിഫ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീന ടീമിന് കുരുക്കായി എഫ്ബിഐ ആന്വേഷണം.കോടിക്കണക്കിന് ഡോളറിന്റെ സ്പോൺസർഷിപ്പ് പണം യു.എസ് ബാങ്കുകൾ വഴി വെളുപ്പിച്ചെന്ന ആരോപണത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ‘ചിക്കി’ ടാപിയയെ യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ട്.

ഫിഫ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് അമേരിക്കയിൽ നിന്ന് ചാർട്ടർ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റിനെ എഫ്ബിഐ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തതെന്ന് സോഷ്യൽ മീഡിയയിലെ നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകകപ്പ് സ്ക്വാഡിലെ ഏതാനും അംഗങ്ങൾക്കൊപ്പം ബ്യൂണസ് ഐറീസിലേക്ക് പറക്കാനിരിക്കെയാണ് യു.എസ് നിയമ നിർവ്വഹണ ഏജൻസികൾ ടാപിയയെ തടഞ്ഞതെന്ന് പ്രാദേശിക മാധ്യമമായ ഇൻഫോബെ റിപ്പോർട്ട് ചെയ്തു. ടാപിയയെ കസ്റ്റഡിയിലെടുത്തതായും വാർത്തകൾ പ്രചരിച്ചെങ്കിലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഈ അവകാശവാദങ്ങൾ തള്ളി.

തങ്ങളുടെ പ്രസിഡന്റ് ക്ലോഡിയോ ടാപിയയോ ട്രഷറർ പാബ്ലോ ടോവിഗിനോയോ യു.എസ് കോടതികളിൽ തെളിവ് നൽകാൻ ഉത്തരവിട്ടിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. എന്നിരുന്നാലും, സംഘടനയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ചില വ്യക്തികളെക്കുറിച്ച് തെളിവ് നൽകുന്നതിനായി ഒരു മൂന്നാം കക്ഷിയെ യു.എസ് ഗ്രാന്റ് ജൂറിക്ക് മുമ്പാകെ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സമ്മതിച്ചു.

പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഡിസംബറിൽ നടന്ന റെയ്ഡുകൾക്ക് പിന്നാലെ അർജന്റീനിയൻ ഫുട്ബോൾ സാമ്പത്തിക ഇടപാടുകൾ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ ഭാഗമായി എ.എഫ്.എയുമായി ബന്ധപ്പെട്ട 300 ദശലക്ഷത്തിലധികം ഡോളറിന്റെ വാണിജ്യ കരാറുകളെക്കുറിച്ച് യു.എസ് അധികൃതർ അന്വേഷണം നടത്തുന്നുണ്ടെന്ന് മാധ്യമമായ ഇൻഫോബെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിലെ ഒരു ദൃക്സാക്ഷിയുടെ പറയുന്നതനുസരിച്ച്, അർജന്റീന ടീം വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ ഒരു ബസിനുള്ളിൽ വെച്ച് ഫെഡറൽ ഏജന്റുമാർ ടാപിയയെയും ടോവിഗിനോയെയും ഏകദേശം 30 മിനിറ്റോളം ചോദ്യം ചെയ്തു.

യു.എസ് കോടതി സമൻസ് അയച്ച മൂന്നാം കക്ഷിയുടെ പേര് അസോസിയേഷൻ വെളിപ്പെടുത്തിയില്ലെങ്കിലും, ടാപിയയെയോ ടോവിഗിനോയെയോ യു.എസ് അധികൃതർ നേരിട്ട് ലക്ഷ്യമിട്ടിട്ടില്ലെന്ന് അവർ പറഞ്ഞു. പണം വെളുപ്പിക്കാനോ തട്ടിപ്പ് നടത്താനോ ഉള്ള ശ്രമത്തിന്റെ ഭാഗമായി എ.എഫ്.എയുമായി ബന്ധപ്പെട്ട പണം അമേരിക്കൻ ബാങ്കുകൾ വഴി മാറ്റിയിട്ടുണ്ടോ എന്നാണ് യു.എസ് ഏജൻസികൾ പരിശോധിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *