ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും 45 വർഷത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള ഒരു വെറ്ററൻ മാനേജരാണ് ഡിക്ക് അഡ്വകാറ്റ്
ജൂൺ 14-ന് ഹൂസ്റ്റണിൽ ജർമ്മനിക്കെതിരായ മത്സരം കുറകാവോ (Curacao) എന്ന ചെറിയ ദ്വീപ് രാഷ്ട്രത്തിന്റെ ഫിഫ ലോകകപ്പ് അരങ്ങേറ്റമായിരുന്നു. ജർമനിയോട് 7-1ന് പരാജയപ്പെട്ടുകൊണ്ടായിരുന്നു കുറകാവോയുടെ ഗ്രൂപ്പ് മത്സരത്തിന്റെ തുടക്കം. പരാജയപ്പെട്ടെങ്കിലും കുറകാവോയുടെ കോച്ചാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. ഫുട്ബോൾ ലോകത്ത് വലിയ പരിചയസമ്പത്തുള്ള ഡിക്ക് അഡ്വക്കാറ്റ് ആണ് ഈ ചെറിയ ദ്വീപ് രാഷ്ട്രത്തിന്റെ കോച്ച്.
ഈ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഹ്യൂഗോ ബ്രൂസ് സ്ഥാപിച്ച റെക്കോർഡ് മറികടന്നുകൊണ്ട്, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായി മാറിയിരിക്കുകയാണ് ഡച്ചുകാരനായ അഡ്വക്കാറ്റ്.
ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും 45 വർഷത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള ഒരു വെറ്ററൻ മാനേജരാണ് അദ്ദേഹം. ഫെയ്നൂർഡ്, പിഎസ്വി, എസഡ്, റേഞ്ചേഴ്സ്, സണ്ടർലാൻഡ് എന്നിവ അദ്ദേഹത്തിന്റെ കീഴിൽ കളിച്ച പ്രമുഖ ക്ലബ്ബുകളിൽ ചിലതാണ്. അന്താരാഷ്ട്ര തലത്തിൽ ഹോളണ്ടിന്റെ പുരുഷ-വനിതാ ടീമുകൾക്ക് പുറമെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ദക്ഷിണ കൊറിയ, ബെൽജിയം, റഷ്യ, സെർബിയ, ഇറാഖ് എന്നീ രാജ്യങ്ങളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
2024-ലാണ് അഡ്വക്കാറ്റ് ആദ്യമായി കുറകാവോയുടെ പരിശീലകനായി നിയമിതനാകുന്നത്. തുടർന്ന് 2025 ഡിസംബറിൽ ഈ ആഗോള കായികമാമാങ്കത്തിലേക്ക് ടീമിന് യോഗ്യത നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മകളുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. പകരം ഫ്രെഡ് റൂട്ടൻ പരിശീലകനായി ചുമതലയേറ്റു.
മേയ് മാസത്തോടെ മകളുടെ ആരോഗ്യം മെച്ചപ്പെടുകയും റൂട്ടൻ പദവി ഒഴുയുകയും ചെയ്തതോടെ, 78-കാരനായ അഡ്വക്കാറ്റ് കുറകാവോയുടെ ആദ്യ ലോകകപ്പ് സ്വപ്നങ്ങൾക്ക് നേതൃത്വം നൽകാൻ വീണ്ടും തിരിച്ചെത്തുകയായിരുന്നു.
കുറകാവോ ടീമിനൊപ്പം മികച്ചൊരു പരിശീലന റെക്കോർഡും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന് കീഴിൽ കളിച്ച 22 മത്സരങ്ങളിൽ 12 എണ്ണത്തിൽ ടീം വിജയിച്ചപ്പോൾ, 6 മത്സരങ്ങൾ സമനിലയിലായി. 4 എണ്ണത്തിൽ മാത്രമാണ് ടീം പരാജയപ്പെടുകയും ചെയ്തത്.
New Delhi,New Delhi,Delhi
FIFA World Cup 2026: ജർമ്മനിക്കെതിരെ കുറകാവോയെ പരിശീലിപ്പിച്ച ഡിക്ക് അഡ്വകാറ്റിനെ കുറിച്ച് നിങ്ങൾക്കെന്തറിയാം?













