Last Updated:
മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) പരാജയപ്പെടുത്തിയാണ് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്
ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമനിയെ തകർത്ത് പാരഗ്വായ് പ്രീക്വാർട്ടറിൽ. ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിലാണ് ജർമൻ പടയെ ലാറ്റിൻ അമേരിക്കൻ ശക്തികളായ പാരഗ്വായ് മുട്ടുകുത്തിച്ചത്. മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) പരാജയപ്പെടുത്തിയാണ് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്.
നിശ്ചിത സമയത്ത് പാരഗ്വായ്‌ക്കായി ജൂലിയോ എൻസിസോ (42-ാം മിനിറ്റ്) ആദ്യ ഗോൾ നേടി. പിന്നീട് ജർമനി കായ് ഹാവെർട്‌സിലൂടെ (54-ാം മിനിറ്റ്) സമനില പിടിച്ചെടുത്തു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പാരഗ്വായ് താരങ്ങൾ മികച്ച കൃത്യത കാണിച്ച് അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്കയ്‌ക്കെതിരെ തോൽവിയോടെ തുടങ്ങിയെങ്കിലും, തുർക്കിക്കെതിരെയുള്ള ജയവും (1-0), ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള സമനിലയും (0-0) പാരഗ്വായ്‌ക്ക് നോക്കൗട്ട് യോഗ്യത നേടിക്കൊടുത്തു.
ആദ്യ അഞ്ച് കിക്കുകളിൽ നിന്നും ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി. പിന്നാലെ നടന്ന സഡൻ ഡെത്തിൽ ജർമനിയുടെ കിക്ക് പോസ്റ്റിന് മുകളിൽ കൂടി പറന്നപ്പോൾ ജോസ് കനലെയുടെ കിക്ക് പരാഗ്വേയെ 1(4)-1(3) എന്ന നിലയിൽ വിജയത്തിലെത്തിച്ചു. പരാഗ്വേയോടുള്ള തോൽവി ജർമ്മനിയുടെ ഫിഫ ലോകകപ്പ് പെനാൽറ്റി ഷൂട്ടൗട്ടിലെ ആദ്യ തോൽവിയായി മാറി.
കഴിഞ്ഞ നാല് ഫിഫ ലോകകപ്പ് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പങ്കെടുത്ത ജർമനി എല്ലാത്തിലും വിജയം സ്വന്തമാക്കിയിരുന്നു. നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1ന് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാഗ്വെ നേടുന്ന രണ്ടാമത്തെ വിജയമാണിത്. 2010 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയതായിരുന്നു അവരുടെ ആദ്യ നേട്ടം.
2014 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ജർമ്മനി ലോകകപ്പിന്റെ നോക്കൗട്ട്ത്തിലെത്തിയത്. എന്നാൽ തിരിച്ചുവരവ് പ്രതീക്ഷിച്ചെത്തിയ ജർമനിക്ക് ഇത്തവണയും നിരാശയോടെയാണ് മടക്കയാത്ര.













