FIFA World Cup 2026| ഫിഫ ലോകകപ്പിൽ യുഎസും ഇറാനും നേർക്കുനേർ വരുമോ? സാധ്യതകൾ ഇങ്ങനെ | | ACTPnews

FIFA World Cup 2026| ഫിഫ ലോകകപ്പിൽ യുഎസും ഇറാനും നേർക്കുനേർ വരുമോ? സാധ്യതകൾ ഇങ്ങനെ |


ലോകകപ്പിന്റെ മത്സര ക്രമപ്രകാരം ക്വാർട്ടർ ഫൈനലിന് മുൻപ് തന്നെ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടാൻ രണ്ട് ലളിതമായ സാധ്യതകളുണ്ട്.

2026 ഫിഫ ലോകകപ്പിൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു യു.എസ് – ഇറാൻ മഹാപോരാട്ടത്തിന് വീണ്ടും കളമൊരുങ്ങിയേക്കാം. ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന, ഇപ്പോഴും തുടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിൽ ഇവർ നേർക്കുനേർ വരുന്നത് ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് ആവേശം പകരുന്ന ഒരു കാഴ്ചയായിരിക്കും.

News18

കാനഡയ്ക്കും മെക്സിക്കോയ്ക്കും ഒപ്പം ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക ഗ്രൂപ്പ് ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇറാൻ മത്സരിക്കുന്നത് ഗ്രൂപ്പ് ജിയിലാണ്. 48 ടീമുകളായി വ്യാപിപ്പിച്ച ഈ ലോകകപ്പിന്റെ മത്സര ക്രമപ്രകാരം ക്വാർട്ടർ ഫൈനലിന് മുൻപ് തന്നെ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടാൻ രണ്ട് ലളിതമായ സാധ്യതകളുണ്ട്.

ആദ്യത്തെ സാധ്യത ജൂലൈ 3-ന് നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരങ്ങളിലാണ്. ഇരുരാജ്യങ്ങളും തങ്ങളുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുകയാണെങ്കിൽ, അവർ മാച്ച് 88-ൽ നേരിട്ട് ഏറ്റുമുട്ടും.

രണ്ടാമത്തെയും അതിനേക്കാൾ നാടകീയവുമായ സാധ്യത ഇരുടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരാകുന്നതാണ്. ഈ സാഹചര്യത്തിൽ റൗണ്ട് ഓഫ് 32-ൽ യു.എസ് മാച്ച് 81-ലും ഇറാൻ മാച്ച് 82-ലും മത്സരിക്കും. ഇരുടീമുകളും ഈ മത്സരങ്ങളിൽ വിജയിക്കുകയാണെങ്കിൽ, ജൂലൈ 6 അല്ലെങ്കിൽ 7 തീയതികളിൽ നടക്കുന്ന റൗണ്ട് ഓഫ് 16-ലെ മാച്ച് 94-ൽ ഇവർ തമ്മിൽ കൊമ്പുകോർക്കും.

ഇതുകൂടാതെ, ഒന്ന് അല്ലെങ്കിൽ രണ്ട് ടീമുകളും മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്ന കണക്കുകളിലെ ചില സാധ്യതകൾ കൂടിയുണ്ട്. എന്നാൽ ഈ സമവാക്യങ്ങൾ വളരെ സങ്കീർണ്ണമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇരുവരും തമ്മിലുള്ള പോരാട്ടം സെമി ഫൈനൽ അല്ലെങ്കിൽ ഫൈനൽ പോലുള്ള ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളിലേക്ക് നീളാനാണ് സാധ്യത.

യു.എസ് – ഇറാൻ ഫുട്ബോൾ മത്സരം ഇന്റർനെറ്റിൽ തരംഗമാകാൻ കാരണം

ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ കണക്കിലെടുക്കുമ്പോൾ, യു.എസും ഇറാനും തമ്മിലുള്ള ഏത് മത്സരവും ലോകശ്രദ്ധ ആകർഷിക്കുമെന്നത് ഉറപ്പാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനും അതിനെത്തുടർന്നുണ്ടായ യു.എസ് എംബസി ബന്ദിനാടകത്തിനും ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളൊന്നുമില്ല.

തുടർന്നുള്ള പതിറ്റാണ്ടുകളിൽ ഇറാന്റെ ആണവപദ്ധതികൾ, സാമ്പത്തിക ഉപരോധങ്ങൾ, മറ്റ് ഭൗമരാഷ്ട്രീയ മത്സരങ്ങൾ എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ഇവരുടെ ബന്ധത്തെ നിർണ്ണയിച്ചത്.

ഈ രാഷ്ട്രീയ സംഘർഷങ്ങൾ പലപ്പോഴും ഇവർ തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങളുടെ പശ്ചാത്തലമായി മാറിയിട്ടുണ്ട്. ഫ്രാൻസിൽ നടന്ന 1998-ലെ ഫിഫ ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറാൻ വിജയിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുള്ള മത്സരങ്ങളിലൊന്നായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

ഏറ്റവും ഒടുവിലായി ഖത്തറിൽ നടന്ന 2022 ലോകകപ്പിൽ ഇറാന്റെ ദേശീയ പതാകയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വിവാദങ്ങളുടെ നിഴലിൽ നടന്ന മത്സരത്തിൽ യു.എസ് എതിരില്ലാത്ത ഒരു ഗോളിന് ഇറാനെ പരാജയപ്പെടുത്തിയിരുന്നു.

2026 ലോകകപ്പിനായുള്ള ഒരുക്കങ്ങൾക്കിടയിലും ഈ രാഷ്ട്രീയ വിവാദങ്ങൾ ഇറാന്റെ പിന്നാലെയുണ്ട്. സന്ദർശകരായ ഇറാന് വിസ ലഭിക്കുന്നതിലുണ്ടായ വിവാദപരമായ താമസ്സവും ചില യു.എസ് ജനപ്രതിനിധികളിൽ നിന്നുണ്ടായ രാഷ്ട്രീയ എതിർപ്പുകളും വലിയ വാർത്തയായിരുന്നു. ഒടുവിലാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *