Last Updated:
ചണ്ഡിഗഡിലെ പി.സി.എ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ നിശ്ചിത സമയത്തിനുള്ളിൽ എറിയേണ്ട ഓവറുകളേക്കാൾ നാല് ഓവർ പിന്നിലായിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ശിക്ഷാ നടപടി. തിങ്കളാഴ്ച (ഒക്ടോബർ 5) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ന്യൂ ചണ്ഡിഗഡിലെ പി.സി.എ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ നിശ്ചിത സമയത്തിനുള്ളിൽ എറിയേണ്ട ഓവറുകളേക്കാൾ നാല് ഓവർ പിന്നിലായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെയും ശിക്ഷാ നടപടിയുണ്ട്. വിൻഡീസ് ടീം രണ്ട് ഓവർ കുറവാണ് എറിഞ്ഞത്.
സൂക്ഷ്മപരിശോധനകൾക്ക് ശേഷം അനുവദനീയമായ സമയപരിധി കണക്കിലെടുത്താണ് ഐ.സി.സി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിശ്ചിത ഓവർ നിരക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയ്ക്ക് മാച്ച് ഫീയുടെ 20 ശതമാനവും വെസ്റ്റ് ഇൻഡീസിന് 10 ശതമാനവും പിഴ ചുമത്തിയതായി ഐ.സി.സി അറിയിച്ചു. എമിറേറ്റ്സ് ഐ.സി.സി ഇന്റർനാഷണൽ പാനൽ ഓഫ് മാച്ച് റെഫറീസിലെ പ്രകാശ് ഭട്ടാണ് ശിക്ഷ വിധിച്ചത്. ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനാൽ ഔദ്യോഗിക ഹിയറിംഗുകളുടെ ആവശ്യമുണ്ടായിരുന്നില്ല. ഓൺ-ഫീൽഡ് അമ്പയർമാരായ ജയരാമൻ മദനഗോപാൽ, സാം നോഗജ്സ്കി, തേർഡ് അമ്പയർ ഷർഫുദ്ദൗല ഇബ്നെ ഷാഹിദ്, ഫോർത്ത് അമ്പയർ വീരേന്ദർ ശർ എന്നിവരാണ് കുറ്റം ചുമത്തിയത്.
ഈ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ, കെ.എൽ. രാഹുലിന്റെ പുറത്താകാതെയുള്ള 129 റൺസിന്റെയും രോഹിത് ശർമ്മയുടെ 92 റൺസിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടിയിരുന്നു. 352 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ്, ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 143 പന്തിൽ നിന്ന് 162 റൺസാണ് ഷായ് ഹോപ്പ് നേടിയത്. അദ്ദേഹത്തിന് പുറമെ മൂന്നാം നമ്പരിൽ ഇറങ്ങിയ അമീർ ജാംഗുവും അർദ്ധ സെഞ്ച്വറി നേടി തിളങ്ങി.
ഏകദിന പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ലഖ്‌നൗവിൽ തുടക്കമാകും. ഒക്ടോബർ 6-നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായ വിൻഡീസിനെ ഷായ് ഹോപ്പ് തന്നെയാണ് നയിക്കുന്നത്. ടി20 മത്സരങ്ങൾക്കായി എട്ടോളം പുതിയ താരങ്ങളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.














