Last Updated:
വെല്ലുവിളി നിറഞ്ഞ പിച്ചിൽ ഇഷാൻ കിഷൻ നേടിയ അർധസെഞ്ചുറിയും (46 പന്തിൽ 80 റൺസ്) ബൗളർമാരുടെ മിന്നുന്ന പ്രകടനവുമാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. സ്വർണമെഡലിനായി ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. നിഷിൻ സിറ്റിയിൽ ഒക്ടോബർ 3 ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10 മണിക്കാണ് ഫൈനൽ.
വെല്ലുവിളി നിറഞ്ഞ പിച്ചിൽ ഇഷാൻ കിഷൻ നേടിയ അർധസെഞ്ചുറിയും (46 പന്തിൽ 80 റൺസ്) ബൗളർമാരുടെ മിന്നുന്ന പ്രകടനവുമാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പന്ത് നന്നായി തിരിഞ്ഞ ബുദ്ധിമുട്ടേറിയ പിച്ചിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ഇന്ത്യ നേടിയത്. വൈഭവ് സൂര്യവംശി നൽകിയ മികച്ച തുടക്കത്തിന് ശേഷം (21 പന്തിൽ 38 റൺസ്) ഇന്നിങ്സിന് വേഗത കൂട്ടിയത് ഇഷൻ കിഷന്റെ തകർപ്പൻ ബാറ്റിങ്ങാണ്.
ശ്രീലങ്കയുടെ മറുപടി ബാറ്റിങ് തകർച്ചയോടെയാണ് തുടങ്ങിയത്. പവർപ്ലേയ്ക്കുള്ളിൽ തന്നെ 31 റൺസിന് 6 വിക്കറ്റുകൾ നഷ്ടമായ ലങ്ക, 9.5 ഓവറിൽ വെറും 45 റൺസിന് എല്ലാവരും പുറത്തായി. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യം നേടുന്ന ഏറ്റവും കുറഞ്ഞ ട്വന്റി-20 അന്താരാഷ്ട്ര സ്കോറാണിത് (2019ൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ വെസ്റ്റ് ഇൻഡീസും ഇതേ സ്കോറിന് പുറത്തായിട്ടുണ്ട്).
തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പിന്നാലെ അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീഴ്ത്തി ലങ്കൻ തകർച്ച പൂർത്തിയാക്കി.
മഴ കാരണം പരിശീലന മത്സരങ്ങളും അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനലും മുടങ്ങിയിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മത്സര ശേഷം അക്സർ പട്ടേൽ പറഞ്ഞു. ലങ്കൻ ഇന്നിങ്സിൽ രണ്ട് റൺ ഔട്ടുകളും ഉണ്ടായത് ബാറ്റിങ് തകർച്ചയുടെ ആഘാതം കൂട്ടി.
ഫൈനൽ മത്സരത്തിന് ശേഷമുള്ള ഇരു ടീമുകളുടെയും പരമ്പരാഗത ഹസ്തദാനം നടക്കുമോ എന്ന ചർച്ചകളും ഇതിനകം സജീവമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം ഏഷ്യാ കപ്പിലും ഐസിസി ടൂർണമെന്റുകളിലും ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ കളിക്കാരുമായി കൈ കൊടുക്കാറില്ല. ഫൈനലിലും ഈ നിലപാട് തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എങ്കിലും ഏഷ്യൻ ഗെയിംസ് നിയമപ്രകാരം മെഡൽ ദാന ചടങ്ങിൽ ഇരു ടീമുകളും ഒരേ വേദി പങ്കിടേണ്ടി വരും.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ സ്ലോ പിച്ചിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അഭിഷേക് ശർമ്മ, സഞ്ജു സാംസൺ എന്നിവർക്കൊപ്പം വൈഭവ് സൂര്യവംശിയെയും ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ഇടവേളയ്ക്ക് ശേഷം എത്തിയ അർഷ്ദീപ് സിങ്ങിന് പകരം ജസ്പ്രീത് ബുംറ മാത്രമായിരുന്നു ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് പേസർ.
സ്പിൻ അനുകൂലമായ പിച്ചിൽ ലങ്കയും സ്പിന്നർമാരെയാണ് പ്രധാനമായും ആശ്രയിച്ചത്. ആദ്യ ഓവറുകളിൽ തന്നെ പന്ത് നല്ല രീതിയിൽ തിരിഞ്ഞിരുന്നു. അഭിഷേക് ശർമ്മ (7) സിക്സറോടെ തുടങ്ങിയെങ്കിലും അധികം വൈകാതെ പുറത്തായി. സഞ്ജു സാംസണും (7) നിരാശപ്പെടുത്തി. എന്നാൽ 15 കാരനായ വൈഭവ് സൂര്യവംശി തന്റെ തകർപ്പൻ ഷോട്ടുകളിലൂടെ സമ്മർദ്ദം ഒഴിവാക്കി. കളി മുന്നേറുന്നതിനിടയിൽ ലങ്കൻ സ്പിന്നർമാർ കടിഞ്ഞാൺ ഇട്ടെങ്കിലും, അവസാന ഓവറുകളിൽ ഇഷാൻ കിഷൻ തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലെത്തി.
നാല് സിക്സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഇഷൻ കിഷന്റെ വെടിക്കെട്ട് ഇന്ന്സ്. ഈ വിജയത്തോടെ ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ മെഡലിനായുള്ള പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു.














