പഞ്ചാബിലെ രണ്ട് വേദികളിലായി ഒക്ടോബർ 27 മുതൽ നവംബർ 5 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ജലന്ധറിലെ ഒളിമ്പ്യൻ സുർജിത് സിംഗ് ഹോക്കി സ്റ്റേഡിയം, മൊഹാലിയിലെ ഒളിമ്പ്യൻ കാപ്റ്റൻ ബൽബീർ സിംഗ് സീനിയർ ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 27 മുതൽ നവംബർ 2 വരെ ജലന്ധറിലാണ് എല്ലാ ലീഗ് ഘട്ട മത്സരങ്ങളും നടക്കുന്നത്. അതിനുശേഷമുള്ള നിർണായക മത്സരങ്ങൾക്കായി ടൂർണമെന്റ് മൊഹാലിയിലേക്ക് മാറും.
സെമിഫൈനലും മെഡൽ മത്സരങ്ങളും മൊഹാലിയിലെ ഒളിമ്പ്യൻ ബൽബീർ സിംഗ് സീനിയർ ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. നവംബർ 4-നാണ് സെമിഫൈനൽ മത്സരങ്ങൾ. നവംബർ 5-ന് വെങ്കല മെഡൽ പോരാട്ടവും ഫൈനൽ മത്സരവും നടക്കും.
നിലവിലെ ചാമ്പ്യന്മാരും ഏഷ്യൻ ഗെയിംസ് ജേതാക്കളുമായ ഇന്ത്യ, മലേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ബംഗ്ലാദേശ് എന്നീ ഏഷ്യയിലെ പ്രമുഖരായ ആറ് ഹോക്കി ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അഞ്ച് തവണ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യ ടൂർണമെന്റിനെത്തുന്നത്. മികച്ച റാങ്കിലുള്ള ടീം എന്ന നിലയിൽ തങ്ങളുടെ റെക്കോർഡ് തുടരാനാകും ഇന്ത്യ ശ്രമിക്കുക.
ഒക്ടോബർ 27-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരം.
ആറ് ടീമുകളും സിംഗിൾ റൗണ്ട്-റോബിൻ ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടും, ഓരോ ടീമും അഞ്ച് മത്സരങ്ങൾ വീതം കളിക്കും. ലീഗ് ഘട്ടത്തിന് ഒടുവിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും.
ബംഗ്ലാദേശിന് ശേഷം ഒക്ടോബർ 29-ന് ചൈനയെയും, ഒക്ടോബർ 30-ന് ജപ്പാനെയയും, നവംബർ 1-ന് മലേഷ്യയെയും, നവംബർ 2-ന് ദക്ഷിണ കൊറിയയെയും ഇന്ത്യ നേരിടും.
ഇന്ത്യയുടെ അഞ്ച് ലീഗ് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്.ഒക്ടോബർ 28, ഒക്ടോബർ 31, നവംബർ 3 എന്നീ ദിവസങ്ങളിൽ ടൂർണമെന്റിൽ വിശ്രമ ദിവസങ്ങളായിരിക്കും.
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. 2011, 2016, 2018 (പാകിസ്ഥാനൊപ്പം സംയുക്ത ജേതാക്കൾ), 2023, 2024 വർഷങ്ങളിൽ ഇന്ത്യ ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്. പഞ്ചാബിലെ ആവേശഭരിതമായ കാണികളുടെ പിന്തുണയോടെ ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളുമായി ഏറ്റുമുട്ടുമ്പോൾ തങ്ങളുടെ മികച്ച റെക്കോർഡ് നിലനിർത്താനാണ് ആതിഥേയരായ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഹീറോ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പഞ്ചാബ് 2026-ന്റെ മത്സരക്രമം പ്രഖ്യാപിച്ചത് ടൂർണമെന്റിന്റെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ടെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി പറഞ്ഞു. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ പഞ്ചാബിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ഉയർന്ന നിലവാരമുള്ള ഹോക്കി മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ ഹീറോ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പഞ്ചാബ് 2026-ലേക്കുള്ള കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചതായി എച്ച്.ഐ സെക്രട്ടറി ജനറൽ ഭോലാ നാഥ് സിംഗും വ്യക്തമാക്കി.













