Trionda| 2026 ലോകകപ്പ് ഔദ്യോഗിക പന്തിന് എത്രയാണ് വില? എങ്ങനെ വാങ്ങാം? | | ACTPnews

Trionda| 2026 ലോകകപ്പ് ഔദ്യോഗിക പന്തിന് എത്രയാണ് വില? എങ്ങനെ വാങ്ങാം? |


ഫിഫയുടെ ദീർഘകാല പങ്കാളികളായ അഡിഡാസ് നിർമ്മിച്ച ഈ പന്ത് ‘അഡിഡാസ് ട്രിയോണ്ട’ (Adidas Trionda) എന്ന പേരിലാണ് അറിയപ്പെടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് തുടങ്ങും മുൻപുതന്നെ ഈ പന്ത് ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.

ഫിഫയുടെ ഔദ്യോഗിക സ്റ്റോർ (FIFA store), അഡിഡാസ് ഓൺലൈൻ ഷോപ്പുകൾ, ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത സ്പോർട്സ് റീട്ടെയിൽ ഷോപ്പുകൾ എന്നിവയിലൂടെ ആരാധകർക്ക് ഈ പന്ത് വാങ്ങാൻ സാധിക്കും.

ലോകകപ്പ് പന്തിന്റെ ഏതൊക്കെ പതിപ്പുകളാണ് വാങ്ങാൻ കിട്ടുക?

അഡിഡാസ് ട്രിയോണ്ട 2026 ലോകകപ്പ് പന്ത് പ്രധാനമായും നാല് പതിപ്പുകളിൽ ലഭ്യമാണ്: പ്രോ, കോമ്പറ്റീഷൻ, ലീഗ്, ക്ലബ്. ഔദ്യോഗിക മത്സരങ്ങൾ കളിക്കുന്നത് മുതൽ സാധാരണ ഉപയോഗത്തിനും കളക്ഷനായി സൂക്ഷിക്കുന്നതിനും വരെ അനുയോജ്യമായ രീതിയിലാണ് ഓരോ പതിപ്പും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രോ : ഇത് ഫിഫ ലോകകപ്പ് 2026-ൽ നേരിട്ട് ഉപയോഗിക്കുന്ന ‘ഔദ്യോഗിക മാച്ച് ബോൾ’ ആണ്. ‘ഫിഫ ക്വാളിറ്റി പ്രോ’ നിലവാരമുള്ള ഇതിൽ നാല് പാനൽ ഡിസൈനും, വിഎആർ (VAR) തീരുമാനങ്ങളെ തത്സമയം പിന്തുണയ്ക്കുന്നതിനുള്ള കണക്റ്റഡ്-ബോൾ സെൻസർ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോമ്പറ്റീഷൻ: ക്ലബ് തലത്തിലുള്ള മത്സരങ്ങൾക്കായി നിർമ്മിച്ചതാണിത്. പ്രോ പതിപ്പിന് സമാനമായ തെർമലി ബോണ്ടഡ് ഘടനയാണെങ്കിലും ഇതിന് വില കുറവായിരിക്കും.

ലീഗ് : ഇത് സാധാരണ പരിശീലനങ്ങൾക്കും അമച്വർ മത്സരങ്ങൾക്കുമായി ഉദ്ദേശിച്ചുള്ളതാണ്.

ക്ലബ്: എല്ലാവർക്കും എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്ന ഏറ്റവും വിലക്കുറവുള്ള പതിപ്പാണിത്.

2026 ലോകകപ്പ് പന്തിന്റെ വില എത്രയാണ്?

പതിപ്പുകൾക്ക് അനുസരിച്ച് 25 ഡോളർ മുതൽ 170 ഡോളർ വരെയാണ് ട്രിയോണ്ട പന്തിന്റെ വില വരുന്നത്. ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, സർട്ടിഫിക്കേഷൻ നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വില വ്യത്യാസം. ഫിഫയുടെ ഔദ്യോഗിക സ്റ്റോറിലെ വിവരങ്ങൾ പ്രകാരം ‘കോമ്പറ്റീഷൻ’ പന്തിന് 65 മുതൽ 70 ഡോളർ വരെയാണ് വില വരുന്നത്. ക്ലബ് സോക്കർ മത്സരങ്ങൾക്ക് അനുയോജ്യമായ മിഡ്-റേഞ്ച് ഓപ്ഷനാണിത്.

ഏറ്റവും ഉയർന്ന സാങ്കേതികവിദ്യയും ഫിഫയുടെ ഉയർന്ന സർട്ടിഫിക്കേഷനുമുള്ള ‘പ്രോ’ പതിപ്പിന് അന്താരാഷ്ട്ര വിപണിയിൽ 150 മുതൽ 170 ഡോളർ വരെയാണ് വില. അതേസമയം, സാധാരണ കളിക്കാർക്കും കളക്ടർമാർക്കും അനുയോജ്യമായ ‘ലീഗ്’, ‘ക്ലബ്’ പതിപ്പുകൾക്ക് 25 മുതൽ 60 ഡോളർ വരെ മാത്രമേ വിലയുള്ളൂ. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചും പ്രാദേശിക വിപണികൾക്ക് അനുസരിച്ചും വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

2026 ലോകകപ്പ് പന്ത് ഓൺലൈനായി വാങ്ങാൻ മികച്ച ഇടങ്ങൾ

ഔദ്യോഗിക ട്രിയോണ്ട പന്ത് സുരക്ഷിതമായി വാങ്ങാൻ അഡിഡാസിന്റെ ഔദ്യോഗിക സ്റ്റോർ, ഫിഫയുടെ ഔദ്യോഗിക ഷോപ്പ്, അംഗീകൃത സ്പോർട്സ് റീട്ടെയിലർമാർ എന്നിവരെ മാത്രമേ ആശ്രയിക്കാവൂ. ഇവിടെ മാത്രമാണ് പന്തിന്റെ ഒറിജിനാലിറ്റി ഉറപ്പ് നൽകുന്നത്.

പ്രാദേശികമായ ആവശ്യകത അനുസരിച്ച് വിവിധ ഘട്ടങ്ങളായാണ് അഡിഡാസ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ ട്രിയോണ്ട കളക്ഷൻ പുറത്തിറക്കുന്നത്. ഫിഫ ഒഫീഷ്യൽ സ്റ്റോറിലൂടെ ഇതിന്റെ ലൈസൻസുള്ള മറ്റ് വേൾഡ് കപ്പ് ഉൽപ്പന്നങ്ങളും വാങ്ങാം.

മുൻപത്തെ പതിപ്പുകളിൽ നിന്ന് ട്രിയോണ്ട എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പാനൽ എണ്ണമായ ‘ഫോർ-പാനൽ’ (നാല് പാനലുകൾ) ഘടനയിലാണ് ട്രിയോണ്ട നിർമ്മിച്ചിരിക്കുന്നത്. ഇത് പന്തിന്റെ വായുവിലൂടെയുള്ള സുസ്ഥിരമായ സഞ്ചാരത്തെ സഹായിക്കുന്നു. അതോടൊപ്പം മൂന്ന് ആതിഥേയ രാജ്യങ്ങളുടെ സാംസ്കാരിക അടയാളങ്ങൾ ഉൾക്കൊള്ളുന്ന ത്രിവർണ്ണ രൂപകൽപ്പനയും ഇതിനുണ്ട്. കാനഡയുടെ മേപ്പിൾ ഇല, മെക്സിക്കോയുടെ ഈഗിൾ, യുഎസിന്റെ നക്ഷത്രം എന്നിവ ചുവപ്പ്, പച്ച, നീല നിറങ്ങളിൽ പന്തിൽ ആവിഷ്കരിച്ചിരിക്കുന്നു.

സാങ്കേതികമായി, പന്തിന്റെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈ-ഫ്രീക്വൻസി എംബെഡഡ് സെൻസർ (500Hz) പന്തിന്റെ ഓരോ ചലനവും കൃത്യമായി ട്രാക്ക് ചെയ്ത് വിവരങ്ങൾ വിഎആർ (VAR) സിസ്റ്റത്തിലേക്ക് നേരിട്ട് കൈമാറുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സാങ്കേതിക തികവാർന്ന മത്സരപ്പന്താണിത്.



Source link

Leave a Reply

Your email address will not be published. Required fields are marked *