വൈഭവ് സൂര്യവംശിക്ക് പിന്നാലെ ബീഹാറിൽ നിന്ന് വീണ്ടുമൊരു ക്രിക്കറ്റ് അത്ഭുതം; ട്രിപ്പിൾ സെഞ്ചുറിയുമായി 15-കാരി അക്ഷര ഗുപ്ത! | | ACTPnews

വൈഭവ് സൂര്യവംശിക്ക് പിന്നാലെ ബീഹാറിൽ നിന്ന് വീണ്ടുമൊരു ക്രിക്കറ്റ് അത്ഭുതം; ട്രിപ്പിൾ സെഞ്ചുറിയുമായി 15-കാരി അക്ഷര ഗുപ്ത! |


ബീഹാർ വനിതാ അണ്ടർ-19 വൺഡേ ട്രോഫിയിൽ വെറും 126 പന്തുകളിൽ നിന്ന് പുറത്താകാതെ 306 റൺസ് അടിച്ചുകൂട്ടിയാണ് ഈ കൗമാരതാരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ഇന്ത്യൻ ജൂനിയർ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് പുറത്തെടുത്ത് ബീഹാറിന് വീണ്ടും അഭിമാനമായിരിക്കുകയാണ് റക്സൗളിൽ നിന്നുള്ള പതിനഞ്ചുകാരി അക്ഷര ഗുപ്ത. ബീഹാർ വനിതാ അണ്ടർ-19 വൺഡേ ട്രോഫിയിൽ വെറും 126 പന്തുകളിൽ നിന്ന് പുറത്താകാതെ 306 റൺസ് അടിച്ചുകൂട്ടിയാണ് ഈ കൗമാരതാരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഭാഗൽപൂരിൽ നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ദിനത്തിലായിരുന്നു അക്ഷരയുടെ ഈ റെക്കോർഡ് പ്രകടനം. എതിർ ടീമിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു അക്ഷരയുടെ ബാറ്റിങ്. 55 ഫോറുകളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. അതായത് തന്റെ ഇന്നിങ്സിലെ 306 റൺസിൽ 268 റൺസും ബൗണ്ടറികളിലൂടെ മാത്രമാണ് താരം അടിച്ചെടുത്തത്. 242.86 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത അക്ഷര, വെറും 233 മിനിറ്റുകൾ മാത്രമാണ് ക്രീസിൽ ചിലവഴിച്ചത്.

News18

കേവലം 16 പന്തുകളിൽ നിന്ന് അർദ്ധസെഞ്ചുറി തികച്ച ഈ ഇടംകയ്യൻ ബാറ്റർ, 34 പന്തുകളിൽ നൂറ് റൺസ് തികച്ചു. അവിടെ നിന്നും ബാറ്റിങ് താണ്ഡവം തുടർന്ന താരം ഒടുവിൽ പരിമിത ഓവർ മത്സരങ്ങളിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഇന്ത്യൻ വനിതാ ആഭ്യന്തര ക്രിക്കറ്റിലെ അപൂർവ്വം കളിക്കാരുടെ പട്ടികയിലേക്ക് തന്റെ പേരും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം വനിതാ അണ്ടർ-19 വൺഡേ ട്രോഫിയിൽ പുറത്താകാതെ 346 റൺസ് നേടിയ മുംബൈയുടെ ഇറ ജാദവിനൊപ്പമാണ് അക്ഷരയും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.

ആരാണ് അക്ഷര ഗുപ്ത

വളരെ ലളിതമായ പശ്ചാത്തലത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെയാണ് അക്ഷര ഈ നേട്ടത്തിലേക്ക് ഉയർന്നുവന്നത്. റക്സൗളിൽ ചിക്കൻ കട നടത്തുന്ന രാജ് കിഷോർ ഷായുടെ മകളായ അക്ഷര എട്ടാം വയസ്സിലാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ജന്മനാട്ടിൽ പെൺകുട്ടികൾക്കായി കൃത്യമായ പരിശീലന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും, അമ്മാവന്റെ മേൽനോട്ടത്തിൽ താൽക്കാലികമായി ഉണ്ടാക്കിയ പിച്ചിലായിരുന്നു ആദ്യകാല പരിശീലനം. മകളുടെ ആഗ്രഹങ്ങൾക്ക് പിന്തുണയുമായി പിതാവ് പിന്നീട് വീട്ടിൽ തന്നെ പ്രാക്ടീസ് നെറ്റുകൾ സ്ഥാപിച്ചു നൽകി. അമ്മ റീന ദേവി അക്ഷരയുടെ കഠിനമായ പരിശീലന രീതികൾക്ക് കൃത്യമായ പിന്തുണ നൽകുകയും ചെയ്തു.

അവളുടെ കഠിനാധ്വാനം പെട്ടെന്നുതന്നെ വിജയങ്ങളിലേക്ക് വഴിമാറി. 2024-ൽ ബീഹാറിന്റെ അണ്ടർ-19 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അക്ഷരയ്ക്ക് വെറും 14 വയസ്സ് മാത്രമായിരുന്നു പ്രായം. മാത്രമല്ല, ബിസിസിഐയുടെ ഒരൊറ്റ സീസണിലെ നാല് പ്രായപരിധിയിലുള്ള ഫോർമാറ്റുകളിലും കളിക്കുന്ന ബീഹാറിൽ നിന്നുള്ള ആദ്യ വനിതാ ക്രിക്കറ്ററായി അക്ഷര ഗുപ്ത മാറിയിരുന്നു.

ബീഹാർ ക്രിക്കറ്റിലെ മാറ്റത്തിന്റെ കാറ്റ്

കായികരംഗത്ത് ‘ബാനിസ്റ്റർ ഇഫക്റ്റ്’ (Bannister Effect) എന്നൊരു പ്രതിഭാസമുണ്ട്. അസാധ്യമെന്ന് കരുതുന്ന ഒരു കാര്യം ആരെങ്കിലും ഒരാൾ ചെയ്ത് കാണിക്കുമ്പോൾ, അത് മറ്റുള്ളവരുടെ മനസ്സിലെ തടസ്സങ്ങൾ നീക്കുകയും അതേ നേട്ടം കൈവരിക്കാൻ പലർക്കും പ്രചോദനമാവുകയും ചെയ്യുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. 1954-ൽ ഒരു മൈൽ ദൂരം നാല് മിനിറ്റിൽ താഴെ സമയം കൊണ്ട് ഓടിത്തീർത്ത ബ്രിട്ടീഷ് അത്‌ലറ്റ് റോജർ ബാനിസ്റ്ററുടെ പേരിൽ നിന്നാണ് ഈ പ്രയോഗം ഉണ്ടായത്. അദ്ദേഹത്തിന്റെ നേട്ടത്തിന് പിന്നാലെ ആഴ്ചകൾക്കുള്ളിൽ മറ്റ് നിരവധി പേരും ആ റെക്കോർഡ് മറികടന്നിരുന്നു.

സമാനമായ ഒരു മാറ്റമാണ് ഇപ്പോൾ ബീഹാർ ക്രിക്കറ്റിലും ദൃശ്യമാകുന്നത്. വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾ ബീഹാറിന് കളിക്കളത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് തെളിയിച്ചപ്പോൾ, അത് അക്ഷരയെപ്പോലെയുള്ള പ്രതിഭകൾക്ക് തങ്ങളിൽ തന്നെയുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടാകാം. ഇത്തരം യുവപ്രതിഭകളുടെ ഉദയം ഇന്ത്യൻ ക്രിക്കറ്റിനെ കൂടുതൽ സമ്പന്നമാക്കുകയാണ് ചെയ്യുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

വൈഭവ് സൂര്യവംശിക്ക് പിന്നാലെ ബീഹാറിൽ നിന്ന് വീണ്ടുമൊരു ക്രിക്കറ്റ് അത്ഭുതം; ട്രിപ്പിൾ സെഞ്ചുറിയുമായി 15-കാരി അക്ഷര ഗുപ്ത!



Source link

Leave a Reply

Your email address will not be published. Required fields are marked *