Last Updated:
ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീമിലെ പല മുതിർന്ന താരങ്ങളുമായി സംസാരിച്ചിരുന്നെന്നും അവരുടെ മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സഞ്ജു
ടി20 ലോകകപ്പ് ടൂർണമെന്റിലെ താരമായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൺടുൽക്കർക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ. ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീമിലെ പല മുതിർന്ന താരങ്ങളുമായി സംസാരിച്ചിരുന്നെന്നും അവരുടെ മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സച്ചിനുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും സഞ്ജു പറഞ്ഞു.
“ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളിൽ നിന്ന് ഒരുപാട് നിർദ്ദേശങ്ങളും വഴികാട്ടലുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ സച്ചിൻ സാറുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഓസ്ട്രേലിയയിൽ മത്സരങ്ങളിൽ അവസരം ലഭിക്കാതെ പുറത്തിരുന്നപ്പോൾ, ഇത്തരം സാഹചര്യങ്ങളിൽ വേണ്ട മാനസികാവസ്ഥയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞങ്ങൾ തമ്മിൽ ദീർഘനേരം സംസാരിക്കാറുണ്ടായിരുന്നു. ഇന്നലെ (ശനിയാഴ്ച) പോലും എന്റെ മാനസികാവസ്ഥ അറിയാൻ അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലൊരാളിൽ നിന്ന് ഉപദേശങ്ങൾ ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലെ വ്യക്തത, തയ്യാറെടുപ്പ്, ബോധം എന്നിവയിലെല്ലാം അത് സഹായിച്ചു. എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്.” സഞ്ജു പറഞ്ഞു.
2026 ജനുവരിയിൽ നടന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായപ്പോൾ താൻ മാനസികമായി തകർന്നുപോയെന്നും എന്നാൽ ദൈവം തനിക്കായി മറ്റ് പദ്ധതികൾ കരുതിയിരുന്നതായും സഞ്ജു പറഞ്ഞു. നിർണ്ണായക മത്സരങ്ങളിൽ അപ്രതീക്ഷിതമായി തിരിച്ചുവരാനും രാജ്യത്തിനായി പരമാവധി ചെയ്യാനും കഴിഞ്ഞു. ഇതിനെക്കുറിച്ച് സ്വപ്നം കാണാൻ ധൈര്യം കാണിച്ചതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.
സാഹിബ്സാദ ഫർഹാൻ, വിൽ ജാക്സ്, ടിം സീഫെർട്ട്, രചിൻ രവീന്ദ്ര, എയ്ഡൻ മാർക്രം, ലുങ്കി എൻഗിഡി, ഷാഡ്ലി വാൻ ഷാൽക്വിക്ക് തുടങ്ങിയ പ്രമുഖരെ മറികടന്ന് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേട്ടം തനിക്ക് ഒരു സ്വപ്നം പോലെയാണെന്നും സഞ്ജു സാംസൺ പറഞ്ഞു.
New Delhi,New Delhi,Delhi
Mar 09, 2026 11:09 AM IST













