ക്ലസ്റ്റർ തല മത്സരങ്ങൾ, ഡിവിഷണൽ റൗണ്ടുകൾ, സെമിഫൈനലുകൾ, ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള ഫോർമാറ്റിലാണ് ടൂർണമെന്റ്.
കേരളത്തിൽ ഓഗസ്റ്റ് 1-2 തീയതികളിൽ ക്ലസ്റ്റർ മത്സരങ്ങളും തുടർന്ന് ഓഗസ്റ്റ് 15-ന് എറണാകുളത്ത് ഡിവിഷണൽ റൗണ്ടും നടക്കും. കോലഞ്ചേരി സൈന്റ്റ് പീറ്റേഴ്സ് സ്കൂളാണ് മത്സര വേദി. യോഗ്യത നേടുന്ന ടീമുകൾക്ക് കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ പ്രശസ്തമായ ആദിയോഗിയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6 വരെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കും.
പുരുഷന്മാർക്ക് വോളിബോളും സ്ത്രീകൾക്ക് ത്രോബോളും ഉൾപ്പെടുന്ന ടൂർണമെന്റിൽ ആകെ 1 കോടി രൂപയിലധികം സമ്മാനത്തുകയാണ് നൽകുന്നത്.
ക്ലസ്റ്റർ തലത്തിൽ വിജയിക്കുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 7,000 രൂപയും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 5,000 രൂപയും 3,000 രൂപയും ലഭിക്കും. ക്ലസ്റ്റർ തലത്തിൽ നിന്ന് യോഗ്യത നേടുന്ന ടീമുകൾ ഡിവിഷണൽ റൗണ്ടിലേക്ക് മുന്നേറും. അവിടെ വിജയികൾക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 6,000 രൂപയും നാലാം സ്ഥാനക്കാർക്ക് 4,000 രൂപയും ലഭിക്കും.
ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്ന വോളിബോൾ, ത്രോബോൾ ടീമുകൾക്ക് 5 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപ വീതവും ലഭിക്കും. മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 1 ലക്ഷം രൂപയും 50,000 രൂപയും ലഭിക്കും. പാരാലിമ്പിക് വിഭാഗത്തിനും പ്രത്യേകം സമ്മാനത്തുക മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ഓരോ സംസ്ഥാനത്തുനിന്നും ഡിവിഷണൽ റൗണ്ടിലെ മികച്ച വനിതാ മത്സരാർത്ഥിക്ക് ഗ്രാവിറ്റൺ ഇ-ബൈക്ക് (Gravton E-bike) സമ്മാനമായി നൽകും.
യോഗിയും ആത്മീയ ഗുരുവും ഈശ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരുവിന്റെ മാർഗനിർദ്ദേശത്തോടെ രൂപംകൊണ്ട ഈശ ഗ്രാമോത്സവം, പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം കർഷകർ, ദിവസവേതനക്കാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ തുടങ്ങിയ സാധാരണക്കാരായ ഗ്രാമീണർക്ക് മാത്രമുള്ളതാണ്.
ദേശീയ തലത്തിലോ അന്തർദേശീയ തലത്തിലോ തങ്ങളുടെ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിക്കാത്ത ഗ്രാമീണ കളിക്കാർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഗ്രാമത്തിന്റെ ഐക്യവും കൂട്ടായ പങ്കാളിത്തവും ഊട്ടിയുറപ്പിക്കുന്നതിനായി എല്ലാ കളിക്കാരും ഒരേ ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവരായിരിക്കണം.
വോളിബോൾ കളിക്കാർക്ക് കുറഞ്ഞത് 14 വയസ്സും, ത്രോബോൾ കളിക്കാർക്ക് കുറഞ്ഞത് 13 വയസ്സും പ്രായമുണ്ടായിരിക്കണം. വനിതാ ത്രോബോൾ വിഭാഗത്തിൽ, ഓരോ ടീമിലും 21 വയസ്സിന് താഴെയുള്ള മൂന്ന് കളിക്കാരെ വരെ ഉൾപ്പെടുത്താം. കേരളത്തിലുടനീളമുള്ള യോഗ്യരായ മത്സരാർത്ഥികൾക്ക് isha.co/gramotsavam സന്ദർശിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈശ ഔട്ട്‌റീച്ച് സംഘടിപ്പിക്കുന്ന ഈശ ഗ്രാമോത്സവത്തിന്റെ ദേശീയ തലത്തിലുള്ള 18-ാം പതിപ്പാണ് ഈ വർഷം. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 40,000-ത്തിലധികം ഗ്രാമങ്ങളിൽ നിന്നായി 15,000 സ്ത്രീകൾ ഉൾപ്പെടെ 80,000-ത്തിലധികം മത്സരാർത്ഥികളെ ഒന്നിച്ചണിനിരത്താൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഈ ടൂർണമെന്റ് നടക്കുന്നത്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.













