മാപ്പപേക്ഷ അംഗീകരിച്ചു; ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന 3 വർഷത്തെ വിലക്ക് കെസിഎ പിൻവലിച്ചു | | ACTPnews

എസ് ശ്രീശാന്ത്


Last Updated:

കെസിഎയ്‌ക്കെതിരായ തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ശ്രീശാന്ത് സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കെസിഎ

എസ് ശ്രീശാന്ത്
എസ് ശ്രീശാന്ത്

കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് കെസിഎ‌ ബുധനാഴ്ച പിൻവലിച്ചു. ഇന്ന് നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് പിൻവലിക്കാനുള്ള തീരുമാനം കെസിഎ കൈക്കൊണ്ടതെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കെസിഎയ്‌ക്കെതിരായ തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ശ്രീശാന്ത് സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

‌കഴിഞ്ഞ വർഷം മേയിലാണ് ശ്രീശാന്തിനെ കെസിഎ വിലക്കിയത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് കെസിഎയ്ക്കെതിരെ ശ്രീശാന്ത് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.

ഇന്നു ചേർന്ന കെസിഎ സ്പെഷൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. എന്നാൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകി.

വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് തൊട്ടുമുമ്പാണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

മാപ്പപേക്ഷ അംഗീകരിച്ചു; ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന 3 വർഷത്തെ വിലക്ക് കെസിഎ പിൻവലിച്ചു



Source link

Leave a Reply

Your email address will not be published. Required fields are marked *