Last Updated:
ആളുകൾ തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും ഫുൾ സ്ലീവ് ടി-ഷർട്ടും ധരിച്ചാണ് ദുബെ എത്തിയത്
മുംബൈ: 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഓൾറൗണ്ടർ ശിവം ദുബെ മുംബൈയിലേക്ക് മടങ്ങിയത് ട്രെയിനിൽ. ഫൈനലിന് ശേഷം മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകൾ ലഭ്യമല്ലാതിരുന്നതിനാലാണ് താരം ട്രെയിൻ യാത്ര തിരഞ്ഞെടുത്തത്. മുംബൈയിലെ തന്റെ വീട്ടിൽ കാത്തിരിക്കുന്ന നാല് വയസ്സുകാരനായ മകൻ അയാനെയും രണ്ട് വയസ്സുകാരി മെഹ്വിഷിനെയും കാണാൻ എത്രയും വേഗം എത്തണമെന്ന ആഗ്രഹത്തിലാണ് ഭാര്യ അൻജും ഖാനും സുഹൃത്തിനുമൊപ്പം ദുബെ ഈ റിസ്ക് ഏറ്റെടുത്തത്.
ആളുകൾ തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും ഫുൾ സ്ലീവ് ടി-ഷർട്ടും ധരിച്ചാണ് പുലർച്ചെ 5:10-നുള്ള ട്രെയിനിൽ ദുബെ കയറിയത്. സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ ട്രെയിൻ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുൻപ് മാത്രമാണ് അദ്ദേഹം പ്ലാറ്റ്ഫോമിലെത്തിയത്. ട്രെയിനിനുള്ളിൽ അപ്പർ ബെർത്തിൽ മുഖം മറച്ച് കിടന്ന ദുബെയെ കണ്ട് സംശയം തോന്നിയ ടിടിഇ ‘ഇത് ശിവം ദുബെ ആണോ?’ എന്ന് ചോദിച്ചപ്പോൾ ‘അദ്ദേഹം എന്തിനാണ് ഇവിടെ വരുന്നത്?’ എന്ന് മറുപടി നൽകി ഭാര്യ അൻജും സാഹചര്യം ബുദ്ധിപരമായി കൈകാര്യം ചെയ്തു.
മുംബൈ ബോറിവ്ലി സ്റ്റേഷനിൽ എത്തിയപ്പോൾ ആളുകൾ തിരിച്ചറിയാൻ സാധ്യതയുള്ളതിനാൽ താരം മുൻകൂട്ടി പോലീസിനെ വിവരമറിയിച്ചിരുന്നു. സാധാരണയായി താരങ്ങൾ വിമാനത്താവളത്തിലാകും ഇറങ്ങുക എന്ന് കരുതിയ പോലീസ് ട്രെയിനിലാണ് ദുബെ എത്തുന്നതെന്നറിഞ്ഞ് അമ്പരന്നു. ഒടുവിൽ പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം സുരക്ഷിതനായി വീട്ടിലെത്തിയത്.
ഈ ലോകകപ്പിലെ ഒൻപത് മത്സരങ്ങളിൽ നിന്നായി 235 റൺസും അഞ്ച് വിക്കറ്റുമാണ് ദുബെ നേടിയത്. ന്യൂസിലൻഡിനെതിരായ ഫൈനലിൽ വെറും 8 പന്തിൽ നിന്ന് അദ്ദേഹം അടിച്ചുകൂട്ടിയ 26 റൺസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ അവസാന ഓവറിൽ മാത്രം നേടിയ 24 റൺസ് ഇന്ത്യയെ മൂന്നാം ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
Mumbai,Maharashtra













