Last Updated:
2004 ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ എന്ന ദേശീയ റെക്കോർഡാണ് ആൻസി മറികടന്നത്
ഇന്ത്യൻ അത്ലറ്റിക്സിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് മലയാളി ലോങ് ജംപ് താരം ആൻസി സോജൻ. 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡ് തകർത്താണ് ആൻസിയുടെ ചരിത്രവിജയം. ജൂൺ 27-ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഇന്റർ-സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 25കാരിയായ അൻസി ലോങ് ജംപിൽ 6.88 മീറ്റർ ചാടി പുതിയ റെക്കോർഡ് സ്ഥാപിച്ചത്.
2004 ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ എന്ന ദേശീയ റെക്കോർഡാണ് ആൻസി മറികടന്നത്. കഴിഞ്ഞ 22 വർഷമായി ഇന്ത്യൻ വനിതാ ലോങ് ജംപിൽ ആരും ഈ നേട്ടം മറികടന്നിരുന്നില്ല. അഞ്ചാമത്തെ ശ്രമത്തിലാണ് ആൻസി 6.88 മീറ്റർ ദൂരം പിന്നിട്ടത്.
അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് ദേശീയ നേട്ടം മാത്രമായിരുന്നില്ല. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി രുന്നു. പരിശീലന സൗകര്യങ്ങളും കായിക അടിസ്ഥാനസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെട്ടിട്ടും ആ റെക്കോർഡ് ആരും മറികടന്നിരുന്നില്ല.
തൃശൂർ നാട്ടിക സ്വദേശിയാണ് ആൻസി സോജൻ. അച്ഛൻ ഇ.ടി. സോജന് കായികതാരമാകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരിമിതികൾ കാരണം അത് സാധ്യമായില്ല. മകളുടെ കായികസ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തത് ഓട്ടോഡ്രൈവറായ അച്ഛനാണ്.
നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് ആൻസിയുടെ കായികപ്രതിഭ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ദേശീയ തലത്തിലേക്ക് ഉയർന്ന താരം, മികവുറ്റ പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ മികച്ച ലോങ് ജംപ് താരങ്ങളിൽ ഒരാളായി മാറി.
ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി വെള്ളി മെഡൽ നേടിയതോടെയാണ് ആൻസി ദേശീയതലത്തിൽ ശ്രദ്ധ നേടിയത്. തുടർന്ന് 2025 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ നേടി തന്റെ മികവ് വീണ്ടും തെളിയിച്ചു. റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ 6.75 മീറ്റർ ചാടി മികച്ച പ്രകടനം കാഴ്ചവച്ച ആൻസി, ഭുവനേശ്വറിൽ അത് 6.88 മീറ്ററായി ഉയർത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആൻസി സോജന് അഭിനന്ദനം അറിയിച്ച് അഞ്ചു ബോബി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. 2004-ലെ തന്റെ ലോങ് ജമ്പ് ചിത്രവും ആൻസിയുടെ ചിത്രവും ഒരുമിച്ചുള്ള പോസ്റ്ററോടൊപ്പമാണ് അഭിനന്ദനം അറിയിച്ചത്.
Thrissur,Thrissur,Kerala
Jun 29, 2026 12:07 PM IST












