Last Updated:
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ
നീണ്ട അറുപത് വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ലോകകപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട് മുന്നേറുമെന്ന് ലോകം ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാൽ കളിയുടെ അവസാന മിനിറ്റുകളിൽ ലയണൽ മെസ്സി എന്ന മാന്ത്രികൻ കളം നിറഞ്ഞതോടെ ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങൾ കാറ്റിൽപ്പറന്നു. ഫിഫ ലോകകപ്പ് 2026-ലെ ആവേശം കൊടുമുടി കയറിയ ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചു. അവസാന ഏഴ് മിനിറ്റിനിടെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. കടുത്ത ഫൗളുകളും പ്രെസ്സിങ്ങും നിറഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. മോർഗൻ റോജേഴ്സ് വലതുഭാഗത്ത് നിന്ന് നൽകിയ മനോഹരമായ ക്രോസ് കൃത്യമായി വലയിലെത്തിച്ചാണ് ഗോർഡൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ഗോൾ വഴങ്ങിയതോടെ അർജന്റീന തകർത്തടിച്ചെങ്കിലും ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന്റെ മികച്ച സേവുകൾ അലക്സിസ് മാക് അലിസ്റ്റർ, നിക്കോ ഗോൺസാലസ് എന്നിവരുടെ ശ്രമങ്ങളെ തടഞ്ഞു.
തോൽവി മുന്നിൽക്കണ്ട അർജന്റീന ലൗട്ടാരോ മാർട്ടിനസ്, റോഡ്രിഗോ ഡി പോൾ എന്നിവരെ പകരക്കാരായി ഇറക്കി ആക്രമണം ശക്തമാക്കി. മെസ്സിയെ ഇംഗ്ലീഷ് പ്രതിരോധം പൂട്ടിയെങ്കിലും 85-ാം മിനിറ്റിൽ അർജന്റീന സമനില ഗോൾ നേടി. ബോക്സിന് പുറത്തുനിന്ന് എൻസോ ഫെർണാണ്ടസ് തൊടുത്ത ലോങ് റേഞ്ചർ പിക്ക്ഫോർഡിനെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു.
ഈ ഗോളോടെ ഇംഗ്ലണ്ട് പ്രതിരോധം പാളി. ഒൻപത് മിനിറ്റ് ഇഞ്ചുറി ടൈമിൽ മത്സരം അതിജീവിക്കാൻ ഇംഗ്ലണ്ട് പൊരുതുന്നതിനിടെ 92-ാം മിനിറ്റിൽ മെസ്സിയുടെ ഒരു മാന്ത്രിക നീക്കം അർജന്റീനയ്ക്ക് വിജയഗോൾ സമ്മാനിച്ചു. ബോക്സിലേക്ക് മെസ്സി നൽകിയ അളന്നുമുറിച്ച ക്രോസ് കൃത്യമായി കണക്ട് ചെയ്ത് പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസ് ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിന്റെ നെഞ്ച് തകർത്തു.
മത്സരത്തിൽ രണ്ട് അസിസ്റ്റുകളുമായി ലയണൽ മെസ്സി ഒരിക്കൽക്കൂടി അർജന്റീനയുടെ രക്ഷകനായി മാറി. രണ്ടാം സെമിയിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച സ്പെയിനെയാണ് ഫൈനലിൽ അർജന്റീന നേരിടുക. ഇതോടെ 1966-ന് ശേഷം ഒരു ലോകകപ്പ് ഫൈനൽ എന്ന ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്.
New Delhi,New Delhi,Delhi














