Last Updated:
ഗൗതം ഗംഭീറിന് ഒരു വർഷം മുമ്പുണ്ടായിരുന്ന അതേ അധികാരവും ബോർഡിന്റെ പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് ഒരു വർഷം മുമ്പുണ്ടായിരുന്ന അതേ അധികാരവും ബോർഡിന്റെ പിന്തുണയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ബ്ലോഗർ ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ബോർഡിലെ ചില പ്രമുഖരുടെയും ടീമിലെയും പിന്തുണ നഷ്ടപ്പെട്ടതിനെത്തുടർന്ന് മുഖ്യ പരിശീലകൻ കടുത്ത സമ്മർദ്ദത്തിലാണ്. തോൽവികളുടെ ഉത്തരവാദിത്തം കളിക്കാർക്കോ സെന്റർ ഓഫ് എക്സലൻസിനോ (CoE) സപ്പോർട്ട് സ്റ്റാഫിനോ മേൽ കെട്ടിവെക്കാൻ ഗൗതം ഗംഭീർ ശ്രമിക്കാറുണ്ടെന്നും എന്നാൽ ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹം അപൂർവ്വമായി മാത്രമാണ് ഏറ്റെടുക്കാറുള്ളതെന്നും ചില ബോർഡ് ഉദ്യോഗസ്ഥർ കരുതുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ അഭിപ്രായം ഡ്രസ്സിങ് റൂമിലും എത്തിയിട്ടുണ്ടെന്നാണ് വിവരം.
ഗംഭീറിന്റെ കോച്ചിംഗ് ശൈലിയെക്കുറിച്ച് ചില ‘സീനിയർ’ കളിക്കാർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോടും ബി.സി.സി.ഐ അംഗങ്ങളോടും സ്വകാര്യമായും അനൗദ്യോഗികമായും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഗംഭീറിന് ഇപ്പോഴും ബി.സി.സി.ഐയുടെ പിന്തുണയുണ്ടെങ്കിലും, താൽപ്പര്യമുള്ള സപ്പോർട്ട് സ്റ്റാഫിനെ നിയമിക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ വലിയ നിയന്ത്രണത്തെ ന്യായീകരിക്കാൻ തക്ക പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് ചില ഉദ്യോഗസ്ഥർ കരുതുന്നു.
ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ ഇന്ത്യയുടെ തോൽവികൾക്ക് ശേഷം ഗൗതം ഗംഭീറിന് വലിയ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നു. പരാജയങ്ങളുടെ ഉത്തരവാദിത്തം വലിയൊരു പങ്കും കളിക്കാരുടെ മേൽ ആയിരുന്നു ചുമത്തപ്പെട്ടത്.
എന്നിരുന്നാലും, ബോർഡിനുള്ളിലെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തെ മുഖ്യ പരിശീലകനെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമായ ഒന്നാക്കി മാറ്റുന്നു. മറ്റൊരു മോശം പരമ്പര അദ്ദേഹത്തിന്റെ സ്ഥാനത്തിന് കൂടുതൽ വെല്ലുവിളിയായേക്കാം.
ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനങ്ങളിലെ ഇടിവും സമീപകാലത്തെ മോശം യുകെ പര്യടനവും നിലനിൽക്കെ, 2027 വരെ നീളുന്ന അദ്ദേഹത്തിന്റെ കരാറാണ് ഗംഭീറിന് ലഭിച്ച ഏറ്റവും വലിയ സുരക്ഷാകവചം. ലോകകപ്പിന് വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ, ബി.സി.സി.ഐയെപ്പോലൊരു പ്രമുഖ ബോർഡ് ഒരു മുഖ്യ പരിശീലകനെ പെട്ടെന്ന് പുറത്താക്കാൻ മുതിരില്ല എന്നാണ് വിവരം.
New Delhi,New Delhi,Delhi














