Last Updated:
ചൊവ്വാഴ്ച ബെനീന് എതിരായ വിടവാങ്ങൽ സൗഹൃദ മത്സരത്തിലൂടെ മെസിയുടെ തിളക്കമാർന്ന അർജന്റീന കരിയറിന് തിരശ്ശീലവീഴും.
ബ്യൂനസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റലിൽ അർജന്റീനൻ കുപ്പായത്തിലെ അദ്ദേഹത്തിന്റെ അവസാന മത്സരമാണിത്. സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരുടെ പുതിയൊരു കാലഘട്ടത്തിന്റെ തുടക്കം കൂടിയാണ് ഈ മത്സരം കുറിക്കുന്നത്. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ ഫുട്ബോളിന്റെ ഉന്നത ശിഖരത്തിലെത്താൻ മെസ്സിയെ സഹായിച്ച സഹതാരങ്ങളും പുതിയ തലമുറയിലെ അംഗങ്ങളും അടക്കം 85,000 കാണികളാണ് അദ്ദേഹത്തിന്റെ രാജ്യാന്തര വിടവാങ്ങലിന് സാക്ഷിയാകാൻ എത്തുന്നത്. ഒരു ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഫൈനലിസ്സിമയുമാണ് മെസ്സിയുടെ രാജ്യാന്തര നേട്ടങ്ങൾ. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളും റെക്കോർഡ് 68 അസിസ്റ്റുകളും നേടി അർജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
ന്യൂജേഴ്സിയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് രണ്ടര മാസത്തിന് ശേഷമാണ് മെസ്സിയുടെ വിടവാങ്ങൽ. രണ്ട് മാസം മുമ്പ് തന്റെ പിതാവ് ജോർജ്ജിന്റെ മരണത്തെ തുടർന്ന്, താൻ പ്രതീക്ഷിച്ചതിലും നേരത്തെ ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന് മെസ്സി സൂചിപ്പിച്ചിരുന്നു. 2028 വരെ ഇന്റർ മയാമിയുമായി മെസ്സിക്ക് കരാറുണ്ട്. ലോക റാങ്കിങ്ങിൽ 93-ാം സ്ഥാനത്തുള്ള ബെനിനു എതിരായ മത്സരത്തിൽ 2022-ലെ ലോകകപ്പ് ജേതാക്കളായ അർജന്റീനൻ സംഘവും അവരുടെ കുടുംബങ്ങളും മെസ്സിക്കൊപ്പം ചേരും. മെസ്സിയെപ്പോലെ തന്നെ 38 കാരനായ വൈസ് ക്യാപ്റ്റൻ നിക്കോളാസ് ഒട്ടാമെണ്ടിയും ചൊവ്വാഴ്ച വിടവാങ്ങും. മിഡ്ഫീൽഡർമാരായ റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ എന്നിവരും ബെനിൻ മത്സരത്തിനായി മാത്രമാണ് വിളിക്കപ്പെട്ടിരിക്കുന്നത്.
ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം ഈന്ത്യയിൽ എങ്ങനെ തത്സമയം കാണാം
- ലയണൽ മെസ്സി തന്റെ അവസാന മത്സരം ചൊവ്വാഴ്ച, ഒക്ടോബർ 6-നാണ് കളിക്കുന്നത് (ഇന്ത്യൻ സമയം ഒക്ടോബർ 7 ബുധനാഴ്ച പുലർച്ചെ).
- ലോക റാങ്കിങ്ങിൽ 93-ാം സ്ഥാനത്തുള്ള ബെനിൻ ആണ് മെസ്സിയുടെ അവസാന രാജ്യാന്തര മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.
- ബ്യൂനസ് ഐറിസിലെ എസ്റ്റാഡിയോ മാസ് മോനുമെന്റലിലാണ് ലയണൽ മെസ്സിയുടെ അവസാന രാജ്യാന്തര മത്സരം നടക്കുന്നത്.
- ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 04:30-നാണ് മത്സരം ആരംഭിക്കുന്നത്.
- തത്സമയ ടെലിവിഷൻ സംപ്രേക്ഷണം ഇല്ലെങ്കിലും, ഫിഫ ഇന്റർനാഷണൽ ഫ്രണ്ട്ലി ഫിക്ചർ ആയതിനാൽ ഇന്ത്യയിലെ ആരാധകർക്ക് ZEE5 ആപ്പിലൂടെ മത്സരം ഓൺലൈനായി കാണാൻ സാധിക്കും.














