ഒരു ജോയിന്റ് പോലീസ് കമ്മീഷണർ, 12 ഡെപ്യൂട്ടി കമ്മീഷണർമാർ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിന്റെ സുരക്ഷയ്ക്കായി മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും ആയിരത്തോളം ഹോം ഗാർഡുകളെയും മൂന്ന് ആന്റി ഡ്രോൺ സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ജോയിന്റ് പോലീസ് കമ്മീഷണർ, 12 ഡെപ്യൂട്ടി കമ്മീഷണർമാർ (ഡിസിപി), മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടായിരിക്കും സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
സ്റ്റേഡിയത്തിന്റെ കവാടങ്ങളിൽ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി ഇത്തവണ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഗേറ്റ് 1, ഗേറ്റ് 2 എന്നിവയ്ക്ക് സമീപം ആദ്യമായി ‘ഹോൾഡിംഗ് ഏരിയകൾ’ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി മൂന്ന് ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾക്ക് പുറമെ എട്ട് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള മോക്ക് ഡ്രിൽ ശനിയാഴ്ച നടന്നിരുന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ കാണികൾ മെട്രോയോ ബസ്സോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് കമ്മീഷണർ നിർദേശിച്ചു. മത്സരശേഷം കാണികൾക്ക് തിരികെ പോകാനായി രാത്രി വൈകിയും ഗതാഗത സൗകര്യം ലഭ്യമായിരിക്കും.
വനിതാ കാണികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി വനിതാ പോലീസ് ഉദ്യോഗസ്ഥരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കാണികൾ കളിക്കളത്തിലേക്ക് അതിക്രമിച്ചു കയറുന്നത് തടയാൻ ഒരു ഡിസിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക സുരക്ഷാ സംവിധാനവും സ്റ്റേഡിയത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. നിശ്ചിത പാർക്കിംഗ് സ്ഥലങ്ങളിൽ അല്ലാതെ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കൂടാതെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും കേസെടുക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
New Delhi,New Delhi,Delhi












