വിനേഷ് ഫോഗാട്ടിന് ആശ്വാസം; ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി | | ACTPnews

News18


Last Updated:

ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതിയുടെ മെയ് 22-ലെ ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

News18
News18

ഏഷ്യൻ ഗെയിംസ് 2026-ലേക്കുള്ള തിരഞ്ഞെടുപ്പ് ട്രയൽസിൽ പങ്കെടുക്കാൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സുപ്രീം കോടതി അനുമതി നൽകി. മെയ് 30, 31 തീയതികളിലാണ് ട്രയൽസ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ താരത്തിന്റെ പ്രതീക്ഷകൾ വർദ്ധിച്ചുവെന്നും, അതിനാൽ ഈ ഘട്ടത്തിൽ അവരോട് വീട്ടിലേക്ക് മടങ്ങാൻ പറയുന്നത് ശരിയല്ലെന്നും ഫെഡറേഷന് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീം കോടതി വ്യക്തമാക്കി. ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതിയുടെ മെയ് 22-ലെ ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മികച്ച അത്ലറ്റുകളെ പരിഗണിക്കാൻ ഡബ്ല്യു.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് നയത്തിൽ വ്യവസ്ഥയില്ലെന്നും, നിലവിലെ മാനദണ്ഡങ്ങൾ വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മെയ് 30, 31 തീയതികളിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ ഫോഗട്ടിന് അനുമതി നൽകിയ ഹൈക്കോടതി, ട്രയൽസ് പൂർണ്ണമായും വീഡിയോയിൽ പകർത്താനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) എന്നിവയിൽ നിന്നുള്ള സ്വതന്ത്ര നിരീക്ഷകർ ഇത് നിരീക്ഷിക്കാനും നിർദ്ദേശിച്ചിരുന്നു.

മാതൃത്വം എന്നത് വനിതാ അത്ലറ്റുകൾക്ക് അവരുടെ കരിയറിൽ ഒരു പോരായ്മയായി മാറരുതെന്ന് ഹൈക്കോടതി അടിവരയിട്ടു പറഞ്ഞു. പ്രമുഖരായ അത്ലറ്റുകൾക്ക് ഇളവുകൾ നൽകാൻ സെലക്ടർമാർക്ക് മുൻപ് അധികാരമുണ്ടായിരുന്നുവെന്നും, എന്നാൽ ഡബ്ല്യു.എഫ്.ഐയുടെ പുതിയ നയം ഇതിൽ നിന്നും തീർത്തും വിഭിന്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ മാസമാദ്യം വിനേഷ് ഫോഗട്ടിന് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ, പാരീസ് ഒളിമ്പിക്സിലെ അവരുടെ അയോഗ്യതയെ ‘ദേശീയ നാണക്കേട്’ എന്ന് ഫെഡറേഷൻ വിശേഷിപ്പിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ തികച്ചും അപലപനീയവും തെറ്റിദ്ധാരണാജനകവുമാണെന്നും അവ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.

തന്റെ ഗർഭകാലവും പ്രസവാനന്തര വീണ്ടെടുക്കൽ കാലയളവും യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ച സമയവുമായി ഒത്തുപോകാത്തതിനാൽ, നിലവിലെ നിയമങ്ങൾ തനിക്ക് തിരിച്ചടിയായെന്ന് ചൂണ്ടിക്കാണിച്ചാണ് ഫോഗട്ട് ഡബ്ല്യു.എഫ്.ഐയുടെ നയങ്ങളെ ചോദ്യം ചെയ്തത്. വിരമിക്കലിന് ശേഷം തിരിച്ചെത്തുന്ന അത്ലറ്റുകൾക്കുള്ള ഉത്തേജക വിരുദ്ധ നിയമങ്ങൾ ചൂണ്ടിക്കാട്ടി ജൂൺ 26 വരെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫെഡറേഷൻ അവരെ വിലക്കിയിരുന്നു. എന്നാൽ ഇത് മറികടന്ന് ഗോണ്ടയിൽ നടന്ന നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിൽ ഫോഗട്ട് പങ്കെടുത്തിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed